ബാര്‍ കോഴ; ഏതുതരത്തിലുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ല: മന്ത്രി കെ ബാബു

കൊച്ചി: ബാര്‍ കോഴക്കേസില്‍ ഒരുതരത്തിലുള്ള അന്വേഷണത്തെയും താന്‍ ഭയപ്പെടുന്നില്ലെന്ന് മന്ത്രി കെ ബാബു. ബാര്‍ കോഴക്കേസ് സിബിഐക്ക് വിടണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലവില്‍ കേസുകളൊന്നും ഇല്ലെന്നും മന്ത്രി കെ ബാബു പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണെന്നും ബാബു പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാതല സമ്മേളനം എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ അജ്ഞതകൊണ്ട് ലഭിക്കാത്ത നിരവധി ആളുകളുണ്ട്. കാന്‍സര്‍രോഗികള്‍ക്കുള്ള യാത്ര ഇളവിനെക്കുറിച്ചുപോലും പലര്‍ക്കും അറിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ സഹകരണം ഉണ്ടായാലേ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. റിപോര്‍ട്ട് പഠിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്.
എന്നാല്‍, തിരഞ്ഞെടുപ്പുമൂലം ഉപസമിതിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനായില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് പോലും കത്തിച്ച് പ്രതിഷേധിക്കുന്ന രീതി മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തവണ റിപോര്‍ട്ട് വന്നപ്പോള്‍ ഒരു സംഘടനയുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നില്ല. 36,000ഓളം തസ്തികകളാണ് നാലരക്കൊല്ലംകൊണ്ട് പുതുതായി സൃഷ്ടിച്ചത്. എല്ലാ മേഖലകളിലും തസ്തികകള്‍ സൃഷ്ടിച്ച് മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, ഡിസിസി ജനറല്‍ സെക്രട്ടറി വി പി ജോര്‍ജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ജി ഹരീന്ദ്രനാഥ്, പ്രസിഡന്റ് സി രാജന്‍ പിള്ള, ജനറല്‍ സെക്രട്ടറി എസ് അജയന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കോശി ജോണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it