Middlepiece

ബാര്‍ കോഴ: ഉള്ള തെളിവുകളും ഇല്ലാതായി

ബാര്‍ കോഴ: ഉള്ള തെളിവുകളും ഇല്ലാതായി
X
slug-madhyamargamകേരളത്തിലെ വിജിലന്‍സ് സംവിധാനത്തില്‍ പ്രാഥമികാന്വേഷണം, ത്വരിതാന്വേഷണം, സമഗ്രാന്വേഷണം, പുനരന്വേഷണം, തുടരന്വേഷണം, അന്തിമ അന്വേഷണം ഇങ്ങനെ അന്വേഷണങ്ങളുടെ പട്ടിക നീണ്ടതാണ്. കോടതി ഉത്തരവിട്ടാലും ഇല്ലെങ്കിലും അന്വേഷണത്തിന് ഓരോ രീതികളുണ്ട്. കോടതി ഉത്തരവനുസരിച്ചാണെങ്കില്‍ അന്വേഷണം ആ വഴിക്കു മാത്രമേ നടക്കാറുള്ളൂ. വകുപ്പുതലങ്ങളിലാണെങ്കില്‍ അന്വേഷണത്തിന് പല വഴികളും സ്വീകരിക്കാം.
ആദ്യത്തെ അന്വേഷണം പ്രാഥമികാന്വേഷണമാണ്. വകുപ്പുതലത്തിലാണെങ്കില്‍ ഈ അന്വേഷണം പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ വര്‍ഷം എടുത്തേക്കാം. കോടതിയാവുമ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവു പുറപ്പെടുവിക്കും. സുപ്രിംകോടതി പ്രാഥമികാന്വേഷണം മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നു വിധിപ്രസ്താവം നടത്തിയിട്ടുണ്ടെങ്കിലും കീഴ്‌ക്കോടതികള്‍ മൂന്നുമാസത്തേക്കാണ് കാലാവധി നിശ്ചയിക്കുക. ലളിതകുമാരി കേസില്‍ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണം തന്നെ ആവശ്യമില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാനും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഏതായാലും വിജിലന്‍സിന്റെ അന്വേഷണം പ്രാഥമികമായി തുടങ്ങുകയാണ് പതിവുപരിപാടി. പ്രാഥമികമായ അന്വേഷണത്തില്‍ കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി തള്ളിക്കൊണ്ട് വിജിലന്‍സ് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും. ഈ റിപോര്‍ട്ടിന്റെ മേല്‍ ഹരജിക്കാരന് ആക്ഷേപം ബോധിപ്പിക്കാം. ആക്ഷേപം ശരിയാണെങ്കില്‍ ബഹുമാനപ്പെട്ട കോടതിക്ക് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടാം.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് ആരും കുറ്റക്കാരാവുന്നില്ല. സമഗ്രാന്വേഷണം നടത്തി അന്തിമ റിപോര്‍ട്ടില്‍ പ്രതിചേര്‍ക്കപ്പെടണം. അല്ലെങ്കില്‍ കേസ് ഉണ്ടാവില്ല. അന്തിമ റിപോര്‍ട്ടിനെതിരേയും ഹരജിക്കാരന് ആക്ഷേപം ബോധിപ്പിക്കാം. അതില്‍ കഴമ്പുണ്ടെങ്കില്‍ കോടതിക്ക് രണ്ട് അന്വേഷണത്തിന് ഉത്തരവിടാം. ഒന്ന്, പുനരന്വേഷണം. രണ്ട്, തുടരന്വേഷണം. പുനരന്വേഷണം എന്നാല്‍ ആദ്യം മുതലേ അന്വേഷിക്കണം. തുടരന്വേഷണം എന്നാല്‍ അന്വേഷണം അവസാനിപ്പിച്ച സ്ഥലത്തുനിന്ന് അന്വേഷണം മുമ്പോട്ട് കൊണ്ടുപോവണം. ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിക്കെതിരേ കോടതി തുടരന്വേഷണത്തിനാണ് ഉത്തരവിട്ടത്. തുടരന്വേഷണം നടത്തിയപ്പോള്‍ ഉള്ള തെളിവുകള്‍ കൂടി ഇല്ലാതായ അദ്ഭുതമാണു നടന്നത്. മുന്‍ അന്വേഷണത്തില്‍ ഡിവൈഎസ്പി കണ്ടെത്തിയ തെളിവുകള്‍ തുടരന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലത്രെ.
സത്യം തെളിയുമെന്ന് കെ എം മാണി പ്രഖ്യാപിച്ചത് ഓര്‍ക്കേണ്ടതാണ്. ബാര്‍ കോഴ ആരോപണം കെട്ടുകഥയാണെന്നു മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടല്ലോ. അന്വേഷണത്തിലെ പ്രധാന തെളിവുകള്‍ ഈ വര്‍ത്തമാനങ്ങള്‍ തന്നെയാണ്. അവരൊക്കെ പറഞ്ഞതു ശരിയായിവന്നു. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല. അത്ര വേഗത്തിലാണ് തുടരന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സത്യത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചത്! നേരത്തേ മുന്നൂറോളം ബാറുടമകളെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയതിനാല്‍ കൂടുതല്‍ മൊഴികളുടെ ആവശ്യം വേണ്ടിവന്നില്ല.
തുടക്കത്തില്‍ അന്വേഷണം നടത്തുമ്പോള്‍ മാണി മാത്രമായിരുന്നു മുമ്പിലുണ്ടായിരുന്നത്. ഇപ്പോള്‍ കെ ബാബു എന്ന ഒരു മന്ത്രികൂടി മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് തുടര്‍ച്ച വലിയ ബുദ്ധിമുട്ടായിത്തീര്‍ന്നു. രേഖകളും മൊഴികളും ഫോണ്‍കോളുകളും ഒന്നിച്ചുപോവുന്നുണ്ടോ എന്ന കാര്യത്തിലായിരുന്നു നേരത്തേ അല്‍പം ഒരു സംശയം ഉണ്ടായിരുന്നത്. തുടരന്വേഷണത്തില്‍ അതിനു പരിഹാരം ഉണ്ടാക്കി. ഒന്നും ഒന്നിച്ചുപോവുന്നില്ല. മുമ്പോട്ട് നീങ്ങാത്ത അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു. കോടതിക്ക് ഇനി എന്തു ചെയ്യാന്‍ കഴിയും. വീണ്ടും ഒരു തുടരന്വേഷണത്തിന് സാധ്യത കാണുന്നില്ല. തെളിവില്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
Next Story

RELATED STORIES

Share it