ബാര്‍ കോഴയില്‍ ഗൂഢാലോചന: ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഗൂഢാലോചന ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് കേരളാ കോണ്‍ഗ്രസ്. ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശിനെ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ കെ എം മാണിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് പാര്‍ട്ടി ആരോപണം. സുകേശനെതിരേ കര്‍ശന അച്ചടക്ക നടപടി വേണമെന്ന ആവശ്യവും എംഎല്‍എമാര്‍ ഉന്നയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ട്, കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ എന്നിവ അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും കേരളാ കോണ്‍ഗ്രസ്(എം) ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണ് ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കെ എം മാണിയും മന്ത്രി പി ജെ ജോസഫും ഒഴികെയുള്ള എംഎല്‍എമാരാണ് ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിനല്‍കിയത്. സുകേശനെതിരേ നേരത്തേ തന്നെ കേരളാ കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നെങ്കിലും ആഭ്യന്തരവകുപ്പ് ഗൗരവത്തിലെടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ മുന്നണിയില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ഉയര്‍ത്താനാണ് കേരളാ കോണ്‍ഗ്രസ്(എം) തീരുമാനം.
Next Story

RELATED STORIES

Share it