ബാര്‍ കോഴക്കേസ് വി എസ് ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരേ തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
ധനമന്ത്രിയായിരിക്കെ കെ എം മാണി ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ ബാറുടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥന്‍ വസ്തുതാ റിപോര്‍ട്ട് തയ്യാറാക്കി വിജിലന്‍സ് ഡയറക്ടറുടെ സൂക്ഷ്മ പരിശോധനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡയറക്ടറുടെ നിര്‍ദേശാനുസരണം കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കിയെങ്കിലും തുടരന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതു പിന്നീട് ഹൈക്കോടതിയും ശരിവച്ചു. 2016 ജനുവരി 13ന് അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനുശേഷം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയെ സമീപിച്ചു.
2018 മാര്‍ച്ച് മൂന്നിന് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി മറ്റൊരു അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിച്ചു. സപ്തംബര്‍ 18ന് ഈ റിപോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ വിജിലന്‍സ് കോടതി കേസില്‍ വീണ്ടും തുടരന്വേഷണം വേണമെന്നു വ്യക്തമാക്കി.
അഴിമതി നിരോധന നിയമത്തില്‍ ജൂലൈ 26ന് നിലവില്‍ വന്ന ഭേദഗതിയനുസരിച്ച് തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും അംഗീകാരം വേണമെന്നും ഹരജിക്കാരനടക്കമുള്ളവര്‍ അനുമതി ഹാജരാക്കണമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്താണ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. 2014 ഡിസംബര്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ജൂലൈ 26ന് നിലവില്‍ വന്ന ഭേദഗതി അനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നു ഹരജി പറയുന്നു.

Next Story

RELATED STORIES

Share it