ബാര്‍ കോഴക്കേസ്: മന്ത്രി ബാബുവിന് ശുദ്ധിപത്രം

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിന് ശുദ്ധിപത്രം നല്‍കി ദ്രുതപരിശോധനാ റിപോര്‍ട്ട് അന്വേഷണസംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ബാബു ബാറുടമകളില്‍നിന്ന് 50 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബാബുവിനെ ഒന്നും ബാറുടമ ബിജു രമേശിനെ രണ്ടും പ്രതിയാക്കി പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹരജിയിലാണ് ദ്രുതപരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.
സര്‍ക്കാര്‍ ലീഗല്‍ അഡൈ്വസര്‍ കെ കെ ശൈലജന്‍ നേരിട്ട് ഹാജരാവാതെ സ്റ്റാഫ് മുഖേനയാണ് റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പണം കൈമാറിയതിന് ബാബുവിനെതിരേ യാതൊരു തെളിവുകളും ഇല്ലെന്ന് റിപോര്‍ട്ടിലുണ്ട്.
ബാറുടമ എം ഡി ധനേഷ്, പരാതിക്കാരന്‍ ജോര്‍ജ് വട്ടുകുളം തുടങ്ങി 13 പേരുടെ മൊഴി ഉള്‍പ്പെടെയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. 400ഓളം പേജുള്ള റിപോര്‍ട്ടില്‍ ബാങ്ക് രേഖകള്‍ അടക്കം 44 രേഖകളും ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, റിപോര്‍ട്ടിലെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ട്. കേസില്‍ പ്രതിയെന്ന് ആരോപിക്കുന്ന മന്ത്രി ബാബുവിന്റെയും പണംകൊടുത്തെന്നു പറയുന്ന ബാറുടമ ബിജു രമേശിന്റെയും മൊഴി രേഖപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ അവധിയായതിനാല്‍ മാനേജര്‍ക്ക് മുമ്പിലാണ് ദ്രുതപരിശോധനാ റിപോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ കോടതി കേസ് പരിഗണിക്കും.
Next Story

RELATED STORIES

Share it