ബാര്‍ കോഴക്കേസ്: ഗൂഢാലോചന ഗൗരവമുള്ളത്- കുഞ്ഞാലിക്കുട്ടി

കോട്ടയം: ബാര്‍ കോഴക്കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനും ബാര്‍ മുതലാളിയും ഗൂഢാലോചന നടത്തിയെന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേരളയാത്രയോടനുബന്ധിച്ച് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയില്‍ ഏറ്റവുമധികം സഹിക്കേണ്ടി വന്നത് കെ എം മാണിക്കായിരുന്നു. മാണിക്കെതിരായ അന്വേഷണത്തില്‍ നിഷ്പക്ഷത ഉണ്ടായിട്ടില്ലെന്നതും ഗുരുതരമാണ്. ഇതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പങ്കില്ല. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവും. അഞ്ചു കൊല്ലം വീതം മാറിമാറി ഭരിക്കുമെന്ന മാനസികാവസ്ഥ മാറിയിട്ടുണ്ട്. യുഡിഎഫ് ഭരണത്തിലെ പ്രകടനം തുടര്‍ന്നാല്‍ കേരളം രക്ഷപ്പെടും. ഇപ്പോഴുള്ള വിവാദങ്ങള്‍ക്കൊന്നും ആയുസ്സില്ല. രാജ്യാന്തര തീവ്രവാദവും രാജ്യത്തെ ഫാഷിസവും ജനങ്ങള്‍ക്കു ഭീഷണിയാണ്. അതു മാറ്റിനിര്‍ത്തി വികസനം ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. സമത്വം, സമന്വയം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് യാത്ര നടത്തുന്നത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയാണോ നേതൃത്വം നല്‍കുന്നതെന്ന കാര്യം കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ലീഗ് യുഡിഎഫിന് കീറാമുട്ടിയാവില്ല. ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നു പറയുന്നുണ്ടെങ്കിലും ആരും അതിലൂടെ കയറുന്നതായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കെ ബാവ സംബന്ധിച്ചു.
Next Story

RELATED STORIES

Share it