ബാര്‍ കോഴക്കേസ്: കുറ്റക്കാരെ സംരക്ഷിക്കാനാണോ നിയമഭേദഗതിയെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: അഴിമതിക്കാരായ ചിലരെ മാത്രം സംരക്ഷിക്കാനാണോ അഴിമതി നിരോധന നിയമം ജൂലൈ 26നു ഭേദഗതി ചെയ്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. മാണിക്കെതിരേ തുടരന്വേഷണത്തിനു ഗവര്‍ണറുടെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വേണമോയെന്നതു സംബന്ധിച്ച് 18നു കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിയമ മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയ വകുപ്പ് 17 എ ബാര്‍ കോഴക്കേസില്‍ നിലനില്‍ക്കുമോ എന്നതു സംബന്ധിച്ചാണ് ഉത്തരവ് പറയുകയെന്ന് വിജിലന്‍സ് ജഡ്ജി ഡി അജിത് കുമാര്‍ പ്രസ്താവിച്ചു. പൊതുസേവകന്‍ കൈക്കൂലിയായി പണമോ പാരിതോഷികമോ കൈപ്പറ്റിയ ശേഷം പണം നല്‍കിയവര്‍ക്കോ അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ വേണ്ടി തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ എന്തെങ്കിലും ശുപാര്‍ശയോ തീരുമാനമോ കൈക്കൊണ്ടാല്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥനു തുടരന്വേഷണത്തിനു ഭേദഗതി വകുപ്പ് 17 എ പ്രകാരം മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങേണ്ട ആവശ്യമുള്ളൂ. എന്നാല്‍, ഇവിടെ കെ എം മാണി മൂന്നു തവണയായി ഒരു കോടി രൂപ കൈപ്പറ്റിയെങ്കിലും പൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കാബിനറ്റില്‍ യാതൊരു ശുപാര്‍ശയോ തീരുമാനമോ അറിയിച്ചില്ല. മറിച്ച്, ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 15 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബാക്കി പണം ലഭിക്കാത്തതിനാല്‍ ഫയല്‍ പഠിക്കാന്‍ രണ്ടു ദിവസം കാബിനറ്റില്‍ സമയം ആവശ്യപ്പെട്ട് മാറ്റിവയ്പിക്കുകയായിരുന്നു. അതിനാല്‍, മാണിക്കെതിരേ തുടരന്വേഷണത്തിനു വിജിലന്‍സിന് വകുപ്പ് 17 എ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി ആവശ്യമിെല്ലന്ന് വി എസ് അച്യുതാനന്ദന്‍ വാദിച്ചു. അതിനാല്‍, തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം കാബിനറ്റില്‍ സമയം തേടാന്‍ മന്ത്രിക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. മൂന്ന് അന്വേഷണം നടത്തിയിട്ടും റഫര്‍ ചാര്‍ജാണ് വിജിലന്‍സ് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ബാര്‍ കോഴക്കേസില്‍ വകുപ്പ് 17 എ യുടെ നിലനില്‍പ് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കാനായി 18നു മാറ്റി.

Next Story

RELATED STORIES

Share it