ബാര്‍ കോഴക്കേസ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ മണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപോര്‍ട്ട് ഇന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം, ബിജു രമേശ്, ബിജെപി നേതാവ് വി മുരളീധരന്‍ എംപി, മന്ത്രി വി എസ് സുനില്‍കുമാര്‍, സിപിഐ അഭിഭാഷക സംഘടനയായ ഐഎഎല്‍ തുടങ്ങിയവര്‍ പരാതിക്കാരായ കേസില്‍ ആരൊക്കെ വിജിലന്‍സ് റിപോര്‍ട്ടിനെ എതിര്‍ക്കും എന്നതു നിര്‍ണായകമാവും. മാണിയുടെ മുന്നണി രാഷ്ട്രീയ ബന്ധങ്ങളെ ആശ്രയിച്ചായിരിക്കും ഇവര്‍ നിലപാട് സ്വീകരിക്കുക. അതേസമയം വിജിലന്‍സ് റിപോര്‍ട്ടിനെ എല്‍ഡിഎഫ് നേതാക്കള്‍ അനുകൂലിച്ചാല്‍ മണിക്കെതിരേ നടത്തിയ സമരങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടിവരും. വിജിലന്‍സ് റിപോര്‍ട്ടിനെ എല്‍ഡിഎഫ് നേതാക്കള്‍ എതിര്‍ത്താല്‍ അത് സര്‍ക്കാരിന് എതിരാവാനും ഇടയുണ്ട്. കേസില്‍ ബിജു രമേശിന്റെ നിലപാട് നിര്‍ണായകമാവും. സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ ഹാജരാവുമോ എന്നതും പ്രധാനമാണ്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്ന കേസ് ആണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it