Districts

ബാര്‍ കോഴക്കേസ്: അഭിഭാഷകര്‍ക്കുള്ള പ്രതിഫലം; ആഭ്യന്തരവകുപ്പും നിയമവകുപ്പും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നു നിയമോപദേശം തേടിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് നിയമവകുപ്പ് സെക്രട്ടറി. അഡ്വക്കറ്റ് ജനറലിന്റെയോ നിയമവകുപ്പിന്റെയോ ശുപാര്‍ശയില്ലാതെയാണ് സ്വകാര്യ അഭിഭാഷകരില്‍ നിന്നു നിയമോപദേശം തേടിയതെന്നാണ് നിയമ സെക്രട്ടറിയുടെ നിലപാട്. അഭിഭാഷകര്‍ക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സ് വകുപ്പിന്റെ ഫയലിലാണ് നിയമ സെക്രട്ടറി വിയോജിപ്പ് കുറിച്ചത്.

മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണ റിപോര്‍ട്ടിന്‍മേല്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്‍, നാഗേശ്വര റാവു എന്നിവരില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നിയമോപദേശം തേടിയത്. സര്‍ക്കാര്‍ അഭിഭാഷകരെ മറികടന്നുള്ള നിയമോപദേശത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിലും വിമര്‍ശിച്ചിരുന്നു. കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതായിരുന്നു നിയമോപദേശം. രണ്ട് അഭിഭാഷകര്‍ക്കുമായി ഏഴര ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്. പ്രതിഫലം നല്‍കുന്നതിനെ അഡ്വ. ജനറല്‍ പിന്തുണച്ചു.
പക്ഷേ, നിയമ സെക്രട്ടറി ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. എജിയോ നിയമവകുപ്പോ ശുപാര്‍ശ ചെയ്ത ശേഷമാണ് സ്വകാര്യ അഭിഭാഷകരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടാറുള്ളത്. ഈ നടപടിക്രമം പാലിക്കാതെ ഡയറക്ടര്‍ നേരിട്ട് അഭിഭാഷകരെ സമീപിച്ചതിലെ അതൃപ്തി നിയമവകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തി.
ആഭ്യന്തരമന്ത്രി പരിശോധിച്ച ശേഷം ഫയല്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കെ എം മാണിക്കെതിരായ കേസില്‍ വിജിലന്‍സ് തേടിയ നിയമോപദേശത്തിനെതിരേ അദ്ദേഹത്തിന്റെ കീഴിലുള്ള നിയമവകുപ്പില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നുവന്നിരക്കയാണ്.
Next Story

RELATED STORIES

Share it