Flash News

ബാര്‍ കോഴക്കേസ്‌ : കെ എം മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍



കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതാണെന്നു വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ എം മാണി നല്‍കിയ ഹരജിയിലാണ് സര്‍ക്കാരും കോടതിയും നിലപാട് വ്യക്തമാക്കിയത്. രണ്ടു പ്രാവശ്യം തുടരന്വേഷണം അനിവാര്യമാക്കുന്ന എന്തു സാഹചര്യമാണ് കേസിലുള്ളതെന്ന് വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.ഇന്നലെ ഹരജി പരിഗണിക്കവെയാണ് കെ എം മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിലെ ചില സാക്ഷികളുടെ ടെലഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. എന്നാല്‍, സിഡിയുടെ പരിശോധനാ ഫലത്തിലൂടെ എന്തു തെളിവാണ് ലഭിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചിലരുടെ സംഭാഷണങ്ങളാണ് സിഡിയിലുള്ളതെന്ന് പറയുന്നു. എങ്കില്‍ അവരെ കണ്ടെത്തി സംഭാഷണത്തെക്കുറിച്ച് നേരിട്ട് ചോദിക്കുന്നതാണ് ഉചിതം. കോടതിയെ സംബന്ധിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ആവശ്യമായ തെളിവുണ്ടോ എന്നതിനാണ് പ്രാധാന്യം. കോടതി ചോദിച്ച ചോദ്യത്തിന് കൃത്യവും വ്യക്തവുമായി മറുപടി നല്‍കുന്നതല്ല കഴിഞ്ഞ ഏപ്രില്‍ നാലിന് വിജിലന്‍സ് സമര്‍പിച്ച സത്യവാങ്മൂലമെന്നും കോടതി ചൂണ്ടിക്കാട്ടി. ബാര്‍ കോഴക്കേസില്‍ രണ്ടുതവണ അന്വേഷണം നടത്തിയിട്ടും കാണാതെപോയ എന്തു പ്രധാന തെളിവാണ് പിന്നിട് ശ്രദ്ധയില്‍പ്പെടുകയും വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഇടയാക്കുകയും ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ അഭിഭാഷകന്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് മൂന്നാംതവണയും അന്വേഷണത്തിന് വഴിയൊരുക്കിയ വസ്തുതകളും തെളിവുകളുമെന്തെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മൂന്നാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. സാജു ഡൊമിനിക്, ജോര്‍ജ് കുര്യന്‍ എന്നിവര്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതിനാലാണ് ബാര്‍ കോഴക്കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നതെന്ന് നേരത്തേ നല്‍കിയ വിശദീകരണക്കുറിപ്പില്‍ വിജിലന്‍സ് അറിയിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it