ബാര്‍ കേസിലെ സുപ്രിംകോടതി വിധി; ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെന്ന് തെളിയും: ബാറുടമകള്‍

ന്യൂഡല്‍ഹി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നു വരുംദിവസങ്ങളില്‍ തെളിയുമെന്നു ബാറുടമകള്‍.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാനസര്‍ക്കാരിന്റെ നയം ശരിവച്ച സുപ്രിംകോടതി വിധി പുറത്തുവന്നതിനു പിന്നാലെയാണു ബാറുടമകള്‍ ഇക്കാര്യം പറഞ്ഞത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് നേരത്തെ പലരും നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെന്നു തെളിയാന്‍ സാധ്യത വര്‍ധിച്ചുവെന്നു ബാറുടമയായ എലഗന്റ് ബിനോയ് പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും. വരുംദിവസങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ വ്യവസായം തന്നെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു എന്നായിരുന്നു ബാറുടമ രാജ്കുമാര്‍ ഉണ്ണിയുടെ പ്രതികരണം. ഒരു വര്‍ഷത്തേക്കുള്ള നയങ്ങളായതിനാല്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താം. സര്‍ക്കാരിനു പുനരാലോചന നടത്താവുന്നതേയുള്ളൂ. സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യം വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.
കോടതിക്ക് അവധിക്കാലമായതിനാല്‍ അഭിഭാഷകര്‍ അവധിയിലാണ്. അവരുമായി കൂടിയാലോചിച്ച് അപ്പീലിന്റെ കാര്യം തീരുമാനിക്കും. മുന്‍കാലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ശേഷം പിന്‍വലിച്ചതുപോലെ സര്‍ക്കാര്‍ മദ്യ നയത്തില്‍ മാറ്റംവരുത്തുമെന്നാണു പ്രതീക്ഷയെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.
Next Story

RELATED STORIES

Share it