ബാര്‍ ഉടമകളുടെ സംഘടന പിളര്‍ന്നു

കൊച്ചി: കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പിളര്‍ന്നു. വ്യവസായി വി എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. ബാറുകള്‍ പൂട്ടിയതോടെ കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ നേതാക്കളടക്കമുള്ള പ്രബലവിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു. സംസ്ഥാനത്തെ ബാറുടമകള്‍ക്കെല്ലാം പ്രത്യേകം കത്ത് നല്‍കി ഫെബ്രുവരിയില്‍ വിപുലമായി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ സംഘടനയുടെ പേര്, ഭാരവാഹികള്‍ എന്നിവ തീരുമാനിക്കുവാനും യോഗം തീരുമാനിച്ചു. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ നേതാക്കള്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത തുകയുടെ കണക്കും ആവശ്യപ്പെടും. പുതിയ സംഘടന രൂപീകരിച്ചെങ്കിലും സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒരുമിച്ചു നടത്തും. എന്നാല്‍ വിജിലന്‍സ് കോടതികളിലെ കേസുകളുമായി ബന്ധപ്പെടുകയോ വിവാദങ്ങളില്‍ കക്ഷി ചേരുകയോ വേണ്ടെന്നാണ് ഇവരുടെ നിലപാട്. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ നേതാക്കളടക്കം എല്ലാവരെയും പുതിയ സംഘടനയില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. എല്ലാത്തരത്തിലും പുതിയ സംഘടനയെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പഴയ നേതൃത്വത്തെ അംഗീകരിക്കാനും യോഗം തീരുമാനിച്ചു.
അറന്നൂറിലധികം അംഗങ്ങളുള്ള കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷനിലെ 150 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും പങ്കെടുക്കാത്ത അന്‍പതോളം പേര്‍ പിന്തുണയറിയിച്ചെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ കൃത്യമായി മാസവരിയോ, ലീഗല്‍ ഫണ്ടോ നല്‍കാത്തവരാണു പുതിയ സംഘടനയ്ക്കു പിന്നിലെന്നാണ് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ വാദം. 2015 മേയില്‍ യോഗം ചേര്‍ന്നു കണക്കുകള്‍ അവതരിപ്പിച്ച് അംഗീകരിച്ചതാണ്. വിശദീകരണം ആവശ്യമുള്ളവര്‍ക്ക് ജനറല്‍ സെക്രട്ടറിയെ സമീപിക്കാമെന്ന് അറിയിച്ചിരുന്നെന്നും കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും ജനറല്‍ സെക്രട്ടറി എ ഡി ധനേഷും വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it