ബാര്‍കോഴ: മാണിക്കെതിരേ ക്രൈസ്തവ വാരിക

കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിയെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ മുഖപ്രസംഗം. ആരോപണം നേരിട്ട മാണി നേരത്തെ തന്നെ രാജി വയ്‌ക്കേണ്ടതായിരുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എന്നാല്‍, യഥാസമയം അദ്ദേഹത്തില്‍ നിന്ന് ഭരണഘടനാപരമായ ഔചിത്യത്തിന്റെ നല്ല മാതൃക ഉണ്ടായില്ല. കെ എം മാണിക്കെതിരേയുണ്ടായ അഴിമതിയാരോപണം അവ്യക്തമായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
1965ല്‍ മഹബൂബ് നഗറില്‍ ഉണ്ടായ തീവണ്ടി അപകടത്തില്‍ 100ലേറെ പേര്‍ മരിക്കാനിടയായ സാഹചര്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം എറ്റെടുത്ത് അന്നത്തെ റെയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി നെഹ്‌റുവിന് രാജി നല്‍കിയത് ഓര്‍മിപ്പിച്ചാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സ്ഥാനത്യാഗം ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ മാണി രാജി വയ്ക്കണമായിരുന്നു. ആരോപണം കെട്ടിച്ചമച്ചതാണെന്നു ബോധ്യപ്പെട്ടാല്‍ തിരിച്ചുവരാമായിരുന്നു.
ഒരു വര്‍ഷത്തെ കോഴ കോലാഹലങ്ങള്‍ക്കൊടുവിലാണ് മാണി രാജിവച്ചത്. ആരെങ്കിലും എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചാലുടന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികളെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടതുണ്ടോയെന്നു ചോദിക്കാം. ഇവിടെ രാഷ്ട്രശില്‍പി പറഞ്ഞ ഭരണഘടനാപരമായ ഔചിത്യത്തിന്റെ ഉയര്‍ന്ന മാതൃക'എന്ന സങ്കല്‍പം അവശേഷിക്കുന്നു.
കെ എം മാണിയുടെ കാര്യത്തിലുണ്ടായ അഴിമതിയാരോപണം അവ്യക്തമല്ലാതിരുന്നതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നതെന്നും സത്യദീപം'മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു.
കേരളാ കോ ണ്‍ഗ്രസ്സില്‍ തന്നെ ജോസഫിന്റെയും ബാലകൃഷ്ണപ്പിള്ളയുടെയും കാര്യത്തില്‍ ഇതേ മാതൃക ഒന്നിലേറെ തവണ അനുകരിക്കപ്പെട്ടിട്ടുണ്ടെന്നും മുഖപ്രസംഗം പറയുന്നു. ആരോപണമുയര്‍ന്നപ്പോള്‍ മാണി രാജിവച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാടുകള്‍ക്കു കരുത്തേകാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
Next Story

RELATED STORIES

Share it