ബാര്‍കോഴ: കെ ബാബുവിനെതിരായ ദ്രുത പരിശോധന വിജിലന്‍സ് പുനരാരംഭിച്ചു

കൊച്ചി: കെ ബാബുവിനെതിരായ ബാര്‍കോഴ ആരോപണം സംബന്ധിച്ച ദ്രുതപരിശോധന വിജിലന്‍സ് പുനരാരംഭിച്ചു. ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പരിശോധന കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പുനരാരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനി നേരിട്ടാണ് പരിശോധന നടത്തുന്നത്. പത്തു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. ദ്രുതപരിശോധന പൂര്‍ത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസന്‍ ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ 23ന് ഉത്തരവിട്ടത്.
ബാബുവിന്റെ അപ്പീലിനെത്തുടര്‍ന്ന് ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചെങ്കിലും ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ പത്തുദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് വിജിലന്‍സ്. വിജിലന്‍സ് കോടതിയിലെ പരാതിക്കാരനായ ജോര്‍ജ് വട്ടുകുളം, ബാറുടമ ബിജു രമേശുമായി അഭിമുഖസംഭാഷണം നടത്തിയ ചാനല്‍ അവതാരകന്‍ എന്നിവരുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ ബാറുടമകള്‍ അടക്കമുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നറിയുന്നു.
Next Story

RELATED STORIES

Share it