ബാര്‍കോഴക്കേസ്; റിവിഷന്‍ ഹരജിക്ക് അനുമതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ റിവിഷന്‍ ഹരജിക്ക് ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് വിജിലന്‍സ് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിന്റെ ആവശ്യത്തിന് അനുമതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ ഹൈക്കോടതിയിലാണ് ഹരജി നല്‍കുന്നത്.
ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും കോടതിയുടെ അധികാരപരിധിക്കു പുറത്തുമാണെന്നാണ് വിജിലന്‍സിന്റെ വാദം. ഡയറക്ടറുടെ പദവിതന്നെ കോടതി ചോദ്യംചെയ്ത സാഹചര്യത്തില്‍ ഉത്തരവിലൊരു പുനപ്പരിശോധനയാണ് വിജിലന്‍സ് ആഗ്രഹിക്കുന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അവഗണിച്ച് സ്വന്തം നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അധികാരമുപയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍ ബാര്‍ കോഴക്കേസില്‍ തീരുമാനമെടുത്തു. ഈ മനോഭാവം എതിര്‍ക്കപ്പെടേണ്ടതാണെന്ന കോടതി പരാമര്‍ശം ഡയറക്ടറുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 36ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ നടപടികളും പരിശോധിക്കാന്‍ മേലുദ്യോഗസ്ഥന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടതെന്ന് ഹരജിയില്‍ വകുപ്പ് ചൂണ്ടിക്കാട്ടും. അനുമതി ലഭിച്ച സാഹചര്യത്തില്‍ എജി മുഖേന ഉടന്‍ ഹരജി നല്‍കാനാണു വിജിലന്‍സിന്റെ ആലോചന. നേരത്തേ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ കോടതിയുടെ പരാമര്‍ശം നീക്കിക്കിട്ടാന്‍ റിവിഷന്‍ ഹരജി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it