kannur local

ബാരാപോള്‍ പുഴ വറ്റി; വൈദ്യുതി ഉല്‍പാദനം വെട്ടിച്ചുരുക്കി

ഇരിട്ടി: ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ബാരാപോള്‍ മിനി പദ്ധതി വൈദ്യുതി ഉല്‍പാദനത്തില്‍ ചരിത്രനേട്ടം കൈവരിച്ചെങ്കിലും കടുത്ത വരള്‍ച്ച ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. അഞ്ചുമാസം കൊണ്ട് 36 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച കെഎസ്ഇബിയുടെ മാതൃകാ പദ്ധതിയില്‍നിന്ന് ഇപ്പോള്‍ പ്രതിദിനം രണ്ടുമണിക്കൂര്‍ മാത്രമാണ് ഉല്‍പാദനം. പ്രതിവര്‍ഷം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബാരാപോളില്‍നിന്ന് കെഎസ്ഇബി പ്രതീക്ഷിച്ചിരുന്നത്. അഞ്ചുമാസം കൊണ്ടുതന്നെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ ഇക്കുറി തുലാവര്‍ഷം ചതിച്ചതോടെ മാര്‍ച്ച് വരെ പ്രതീക്ഷിച്ചിരുന്ന ലക്ഷ്യം നേടാനായില്ല. 40 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇത്തവണ ലഭിച്ചത്. ബാരാപോള്‍ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ വെള്ളം തടഞ്ഞുനിര്‍ത്തി രണ്ടു മണിക്കൂറിലേക്ക് ഉല്‍പാദനം നിജപ്പെടുത്തി. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ ഒന്ന് മാത്രമാണ് രണ്ടുമണിക്കൂര്‍ നേരം പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫിബ്രുവരിയിലായിരുന്നു പദ്ധതി നാടിനു സമര്‍പ്പിച്ചത്.
ജനറേറ്റര്‍ തകരാര്‍ കാരണം കഴിഞ്ഞവര്‍ഷം ഉല്‍പാദനം പൂര്‍ണതോതില്‍ നടത്താന്‍ കഴിഞ്ഞില്ല. 20 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് ഈ വര്‍ഷം പ്രതിവര്‍ഷ ഉല്‍പാദനം നിശ്ചിത സമായത്തിനും അഞ്ചുമാസം മുമ്പേ ലക്ഷ്യം മറികടന്നത്. കുടക് മലനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന ബാരാപോള്‍ പുഴയിലെ വെള്ളത്തിന്റെ 30 ശതമാനം മാത്രമേ വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്നുള്ളൂ.  കര്‍ണാടക സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ശക്തമായ എതിര്‍പ്പുകളെ മറികടന്ന് സ്ഥാപിച്ച പദ്ധതി ലാഭകരമാവുമോ —എന്നായിരുന്നു ആശങ്ക.
പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച രണ്ട് ചാലുകളിലൂടെ വെള്ളം വഴിതിരിച്ചുവിട്ടാണ് ജനറേറ്ററിന്റെ പ്രവര്‍ത്തനം. ഉല്‍പാദനത്തിനു ശേഷമുള്ള ജലം തിരിച്ച് ബാരാപോള്‍ പുഴയില്‍ തന്നെ എത്തുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കുന്നോത്ത് 110 കെവി സബ് സ്റ്റേഷനിലാണ് സംഭരിക്കുന്നത്.
ജലവൈദ്യുതിയും സൗരോര്‍ജ വൈദ്യുതിയും ലഭിക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ബാരാപോളിന് സ്വന്തമാണ്. കേന്ദ്ര പരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിപ്രകാരം നാല് മെഗാവാട്ട് സൗരോര്‍ജവും ഉല്‍പാദിപ്പിച്ചു തുടങ്ങി.
Next Story

RELATED STORIES

Share it