ബാബു സെബാസ്റ്റ്യന് മെയ് നാലുവരെ തുടരാം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റിയന്‍ മെയ് നാലുവരെ തല്‍സ്ഥാനത്ത് തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കി. വിസി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അദ്ദേഹം നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.
ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതിയുടെ സ്റ്റേ ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഹരജി സുപ്രിംകോടതി ഇന്നലെ പരിഗണിച്ചത്. ബാബു സെബാസ്റ്റ്യനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തത്. കേസ് അന്തിമവാദം കേള്‍ക്കുന്നതിന് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.
യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ അനുശാസിക്കുന്ന - യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ക്ക് വേണ്ട യോഗ്യതകള്‍ ബാബു സെബാസ്റ്റ്യനില്ലെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ അയാഗ്യനാക്കിയത്. വൈസ് ചാന്‍സലര്‍ക്ക് പത്തുവര്‍ഷം പ്രഫസറായുള്ള സേവനപരിചയം വേണമെന്ന യുജിസി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനകാര്യത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് കോടതി കണ്ടെത്തിയിരുന്നത്.
എന്നാല്‍, വൈസ് ചാന്‍സലറാവാന്‍ വേണ്ട യോഗ്യത തനിക്കുണ്ടെന്നാണ് ബാബു സെബാസ്റ്റിയന്റെ വാദം. പത്തു വര്‍ഷത്തെ പ്രഫസറായുള്ള പരിചയമൊ അല്ലെങ്കില്‍ 10 വര്‍ഷത്തെ അക്കാദമിക് ഭരണരംഗത്തെ പരിചയമോ ആണ് വിസിയാവാന്‍ യുജിസി മുന്നോട്ടുവച്ചിരിക്കുന്ന മാനദണ്ഡമെന്നും ഇതില്‍ രണ്ടാമത്തെ യോഗ്യത തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
11 വര്‍ഷം സംസ്ഥാന തലത്തില്‍ ഡയറക്ടറായുള്ള സേവനത്തിന് ശേഷമാണ് താന്‍ എം ജി സര്‍വകലാശാലയില്‍ വിസി ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it