ബാബു മന്ത്രിയായി തുടരണം: യുഡിഎഫ്

തിരുവനന്തപുരം: കെ ബാബു വീണ്ടും മന്ത്രിസഭയിലേക്ക്. ബാബു നല്‍കിയ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം അംഗീകാരം നല്‍കി. യുഡിഎഫ് യോഗത്തിന്റെ ശുപാര്‍ശപ്രകാരം കെ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതോടൊപ്പം കെ എം മാണിക്ക് മന്ത്രിസഭയിലേക്കു മടങ്ങിവരുന്നതിനുള്ള രാഷ്ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാണിയോട് മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന ആവശ്യം യോഗം മുന്നോട്ടുവയ്ക്കും. തൃശൂര്‍ വിജിലന്‍സ് കോടതിവിധിയെ തുടര്‍ന്ന് ബാബുവിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നെങ്കിലും ഹൈക്കോടതിയില്‍നിന്ന് രണ്ടുമാസം സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ രാജിക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അദ്ദേഹം അക്കാര്യം യുഡിഎഫ് യോഗത്തെ അറിയിക്കുകയായിരുന്നു. ബാബുവിനെതിരേ മറ്റു കേസുകളൊന്നും നിലവിലില്ലെന്നും യുഡിഎഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നും യോഗത്തിനുശേഷം കണ്‍വീനര്‍ പി പി തങ്കച്ചനും അറിയിച്ചു.
ഒരേ കേസില്‍ വിവേചനം ആവശ്യമില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ ബാര്‍ കോഴക്കേസില്‍ തന്നെ രാജിവച്ച കെ എം മാണിയോട് മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണു തീരുമാനം. കെ എം മാണി മന്ത്രിസഭയിലേക്കു തിരിച്ചുവരണമെന്നു യുഡിഎഫ് നേതൃയോഗത്തിന്റെ പൊതുതാല്‍പ്പര്യമാണെന്ന് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഇനി തീരുമാനമെടുക്കേണ്ടത്. മടങ്ങിവരുന്നതിന് എന്തെങ്കിലും നിയമതടസ്സമുണ്ടോയെന്ന് അവര്‍ പരിശോധിച്ചു തീരുമാനമെടുക്കും.
മുഖ്യമന്ത്രിയും കെ എം മാണിയും ബജറ്റ് അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും യുഡിഎഫ് തള്ളി. ആ ദിവസം ആരാണോ കേരളത്തിലെ ധനമന്ത്രി അദ്ദേഹം ബജറ്റ് അവതരിപ്പിക്കുമെന്ന് കണ്‍വീനര്‍ വ്യക്തമാക്കി. ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്തു പാസാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു എന്നിവര്‍ക്ക് മുന്നണിയോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായും കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. രാഷ്ട്രീയപ്രചാരണജാഥ നടത്തുന്നതിനാല്‍ മുസ്‌ലിംലീഗ് നേതാക്കളും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുന്നണി യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. സുധീരനെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും യോഗത്തിനിടയ്ക്ക് ടെലിഫോണില്‍ ബന്ധപ്പെട്ടശേഷമാണ് നേതാക്കള്‍ തീരുമാനങ്ങളെടുത്തത്.
Next Story

RELATED STORIES

Share it