kozhikode local

ബാബു പറശ്ശേരി അധികാരമേറ്റു; റീന മുണ്ടേങ്ങാട്ട് വൈസ് പ്രസിഡന്റ്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ബാബു പറശ്ശേരിയേയും വൈസ് പ്രസിഡന്റായി റീന മുണ്ടേങ്ങാട്ടിനെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗിന്റെ അഹമ്മദ് പുന്നയ്ക്കലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ അന്നമ്മ മാത്യുവും മല്‍സര രംഗത്തെത്തിയതോടെ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. 11നെതിരേ 16 വോട്ടുകള്‍ക്കാണു ബാബു പറശ്ശേരി വിജയിച്ചത്. 11 നെതിരേ 16 വോട്ടുകള്‍ക്കാണ് റീന മുണ്ടേങ്ങാട്ട് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടുകളൊന്നും അസാധുവായില്ല.
27 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 16ഉം യുഡിഎഫിന് 11ഉം അംഗങ്ങളുമാണുള്ളത്. രാവിലെ 11 മണിയോടെ ആരംഭിച്ച യോഗത്തില്‍ ആദ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബാബു പറശ്ശേരിയുടെ പേര് എന്‍സിപി അംഗം മുക്കം മുഹമ്മദ് നിര്‍ദേശിച്ചു. സിപിഐ അംഗം ടി കെ രാജന്‍ പിന്താങ്ങി. യുഡിഎഫില്‍ നിന്ന് മല്‍സരിച്ച അഹമ്മദ് പുന്നയ്ക്കലിന്റെ പേര് കോണ്‍ഗ്രസിലെ വി ഡി ജോസഫ് നിര്‍ദേശിച്ചു. ജെഡിയുവിലെ എ ടി ശ്രീധരന്‍ പിന്താങ്ങി. ബാബു പറശേരി വിജയിച്ചതായി വോട്ടെടുപ്പിന് മേല്‍നോട്ടം നല്‍കിയ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പ്രഖ്യാപിച്ചു. തുടര്‍ന്ന് ബാബു പറശ്ശേരി കലക്ടര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. അനുമോദനയോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങള്‍ക്കൊപ്പം ജില്ലാ ചേംബറിലെത്തി ബാബു പറശേരി സ്ഥാനമേറ്റെടുത്തു.
ഉച്ചയ്ക്കു ശേഷമായിരുന്നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനു വേണ്ടി മല്‍സരിച്ച റീന മുണ്ടേങ്ങാട്ടിന്റെ പേര് പി ജി ജോര്‍ജ് നിര്‍ദേശിക്കുകയും പി കെ സജിത പിന്താങ്ങുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥിയായ അന്നമ്മ മാത്യുവിന്റെ പേര് സി കെ കാസിം നിര്‍ദേശിച്ചു. എം പി അജിത പിന്താങ്ങി. രണ്ടു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം വന്നതോടെ വോട്ടെടുപ്പ് നടത്തുകയായിരുന്നു. പ്രസിഡന്റ് ബാബു പറശേരി റീനയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് ടി കെ രാജന്‍, എ കെ ബാലന്‍, വി ഡി ജോസഫ്, അഹമ്മദ് പുന്നയ്ക്കല്‍, അന്നമ്മ മാത്യു, നജീബ് കാന്തപുരം സംസാരിച്ചു. വിജയികളെ ആശംസിക്കാന്‍ വിവിധ കക്ഷിനേതാക്കളും ജനപ്രതിനിധികളും മുന്‍ ജില്ലാ പഞ്ചായത്ത് സാരഥികളും എത്തിയിരുന്നു.
എംഎല്‍എമാരായ എളമരം കരീം, പുരുഷന്‍ കടലുണ്ടി, പി ടി എ റഹീം, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കാനത്തില്‍ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി , സിപിഐ ജില്ലാ സെക്രട്ടറി ടി വി. ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍, സിപി ഐ നേതാക്കളായ കെ ജി പങ്കജാക്ഷന്‍, പി ഗവാസ്, പി വി മാധവന്‍, എന്‍സിപി നേതാക്കളായ എം പി സൂര്യനാരായണന്‍, ജോബ് കാട്ടൂര്‍, കോണ്‍ഗ്രസ് എസ് നേതാവ് സി പി ഹമീദ് തുടങ്ങിയവര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ സാരഥികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it