thrissur local

ബാബു എം പാലിശ്ശേരിയുടെ സ്ഥാനലബ്ധി സിപിഎം നേതൃത്വത്തിന് ലഭിച്ച കരണത്തടി

ജോസ് മാളിയേക്കല്‍

കുന്നംകുളം: മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സ്ഥാനലബ്ധി സിപിഎം കുന്നംകുളം ഏരിയാ നേതൃത്വത്തിന് അപ്രതീക്ഷിതമായി ലഭിച്ച കരണത്തടിയായി. ബാലാജിപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ബാബു എം പാലിശ്ശേരി രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെത്തിയത്.
കോലളമ്പ് നിക്ഷേപ തട്ടിപ്പു കേസ്സുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി കെ രാധകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബു എം പാലിശ്ശേരി, സഹോദരന്‍ എം ബാലാജി എന്നിവര്‍ക്കെതിരെ നടപടിയുണ്ടായത്. 2015 ആഗസ്ത് 16ന് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരെയും തരംതാഴ്ത്തിയത്. സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ബാബുവിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബാലാജിയെ ഏരിയാ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്. കുന്നംകുളം എംഎല്‍എയായിരുന്ന ബാബു  എം പാലിശ്ശേരിയെ ഇതിലൂടെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയാക്കാതിരിക്കാനും ഏരിയാ നേതൃത്വത്തിന് കഴിഞ്ഞു. കെ രാധാകൃഷ്ണന്‍ ഒഴികെ ജില്ലയിലെ മുഴുവന്‍ സിപിഎം സിറ്റിങ്ങ് എംഎല്‍എമാര്‍ക്കും സീറ്റ് ലഭിച്ചിരുന്നു. നടപടി നേരിട്ടിട്ടും സിഐടിയു രംഗത്ത് സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതാണ് ബാബുവിന് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശനം സാധ്യമാക്കിയത്.
കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ ഏരിയാ നേതൃത്വം തന്നെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നതും ഔദ്യോഗിക പാനലില്‍ ഉള്‍പ്പെട്ടിരുന്ന സിഐടിയു നേതാവും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന പി ജി ജയപ്രകാശിനെ രണ്ടാം തവണയും പരാജയപ്പെടുത്തിയതും ബാലാജിപക്ഷത്തിന് തിരിച്ചടിയാകുകയായിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പും ഏരിയാ നേതൃത്വത്തിന് വിനയായി. എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മല്‍സരം സംഘടിപ്പിച്ചതില്‍ ജില്ലാ നേതൃത്വത്തിന് വലിയ അമര്‍ഷവുമുണ്ടായിരുന്നു.
ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലും കുന്നംകുളം ഏരിയാ സമ്മേളനത്തിലെ വിഭാഗീത പരാമര്‍ശിച്ചിരുന്നു. കുന്നംകുളം ഏരിയാ നേതൃത്വത്തിന് കനത്ത പ്രഹരമാണ് ബാബു എം പാലിശ്ശേരിയെ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തുക വഴി സംസ്ഥാന, ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്നത്. കൂടാതെ വിഭാഗീയത അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കുന്നു. സത്യത്തില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ് കുന്നംകുളത്തെ പാര്‍ട്ടി നേതൃത്വം.
Next Story

RELATED STORIES

Share it