ബാബുവിന്റെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇക്കാര്യമുന്നയിച്ച് ഈ മാസം 30ന് നിയമസഭയിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. ബാബുവിനെതിരേ നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാനാണ് യോഗത്തിന്റെ തീരുമാനം.
ബാര്‍ കോഴക്കേസില്‍ കെ എം മാണി രാജിവച്ച സാഹചര്യത്തി ല്‍ മാണിയേക്കാള്‍ തെറ്റുചെയ്ത ബാബുവും രാജിവച്ച് അന്വേഷണം നേരിടണമെന്നതാണ് എല്‍ഡിഎഫിന്റെ നിലപാട്. കെ ബാബു കോഴ ചോദിച്ചതിനും വാങ്ങിയതിനും വ്യക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കെ ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ത്വരിതപരിശോധന നടത്തണമെന്ന് എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
കെ എം മാണിക്കെതിരേ ഉപയോഗിച്ച അന്വേഷണ സംവിധാനങ്ങളെല്ലാം ബാബുവിനെതിരെയും ഉപയോഗിക്കണം. എന്നാല്‍, കെ ബാബുവിനെതിരേ വിജിലന്‍സ് മാനുവലില്‍ പോലുമില്ലാത്ത പ്രാഥമികാന്വേഷണമാണ് നടത്തിയത്. മുഖ്യമന്ത്രിയെയും കെ ബാബുവിനെയും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം. തനിക്കെതിരേ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കെ ബാബുവിന്റെ വാദം. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. അതേസമയം തന്നെ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ എം എം ഹസ്സന്‍ കോടതിക്കെതിരേ രംഗത്തെത്തുന്ന സ്ഥിതിയുമുണ്ടായി. ഇത് കോടതിയെ ക്ഷീണിപ്പിക്കുന്നതിനു വേണ്ടിയാണ്. ബാബുവിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിലൂടെ ബാര്‍കോഴയില്‍ രണ്ടുനീതിയാണെന്ന ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ബാര്‍ കോഴക്കേസന്വേഷിച്ചാല്‍ നീതിപൂര്‍വമാവില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കോടതി നിരീക്ഷണത്തിലൂടെ ശരിയാണെന്ന് തെളിഞ്ഞു. അഴിമതിക്കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ച് യാഥാര്‍ഥ്യം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കുമെതിരേ ദേശീയതലത്തില്‍ ഇടതു—കക്ഷികള്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഡിസംബര്‍ മൂന്നിന് നിയമസഭാ മണ്ഡലങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തും. സാംസ്‌കാരിക സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കാനാണ് സംഘപരിവാരശ്രമം. കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയാവുന്ന ആസിയാന്‍ കരാറിനെതിരേ യോഗം പ്രമേയം പാസ്സാക്കി. രഹസ്യ ചര്‍ച്ചകള്‍ നടത്തി കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it