ബാബുവിനെതിരായ ആരോപണം: ദ്രുതപരിശോധന തുടങ്ങി

കൊച്ചി: മന്ത്രി കെ ബാബുവിനെതിരേ ബിജു രമേശ് ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ദ്രുതപരിശോധന തുടങ്ങി. എറണാകുളത്തെ പുതിയ വിജിലന്‍സ് എസ്പിയായി ചുമതലയേറ്റ ആര്‍ നിശാന്തിനി നേരിട്ടാണ് ദ്രുപരിശോധന നടത്തുന്നത്. വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദ്രുതപരിശോധന.
വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തില്‍ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ഇദ്ദേഹത്തോട് ഇന്നു മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മൊഴി പരിശോധിച്ച ശേഷമാവും കെ ബാബുവിനെതിരേ ആരോപണമുന്നയിച്ച ബിജു രമേശിന്റെ മൊഴിയെടുക്കുന്ന കാര്യം തീരുമാനിക്കുകയെന്നാണു വിവരം.
23നകം ദ്രുതപരിശോധന റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുള്ളതിനാല്‍ അതിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറും. ബിജു രമേശ് കെ ബാബുവിനെതിരേ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാവും ദ്രുതപരിശോധന നടത്തുക.
രണ്ടുതവണയായി 50 ലക്ഷം രൂപവീതം താന്‍ ബാബുവിനു കൊടുത്തിട്ടുണ്ടെന്നാണ് ബിജു രമേശ് ഉന്നയിച്ച ആരോപണം. നേരത്തെ വിജിലന്‍സ് ഡിവൈഎസ്പി രമേശ് ഇതുസംബന്ധിച്ചു പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
ആരോപണത്തിനു തെളിവില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരേ തുടരന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സില്‍ വകുപ്പില്ലെന്നും ദ്രുതപരിശോധനയാണു നടത്തേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണു കോടതി ദ്രുതപരിശോധന നടത്താന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it