Districts

ബാബുവിനു മേല്‍ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങളില്‍ കെ എം മാണിയുടെ രാജിക്കു പിന്നാലെ മന്ത്രി കെ ബാബുവിനമേലും കുരുക്ക് മുറുകുന്നു. ബാബുവിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ വാദം പൊളിഞ്ഞു. ബിജു രമേശ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പും ബാബുവിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപോര്‍ട്ടും മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
2015 മാര്‍ച്ച് 30നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയില്‍ മന്ത്രി കെ ബാബു കോഴ വാങ്ങിയെന്ന് ആരോപിക്കുന്നുണ്ട്. താന്‍ മന്ത്രി കെ ബാബുവിന്റെ ഓഫിസില്‍ പോയി അദ്ദേഹത്തിനു പണം കൈമാറിയെന്നു ബിജു രമേശ് സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു. ബാര്‍ ലൈസന്‍സിനുള്ള ഫീസ് കുറയ്ക്കണമെങ്കില്‍ ചെലവുണ്ടെന്നു മന്ത്രി ബാര്‍ ഉടമകളോട് പറഞ്ഞതായും മൊഴിയിലുണ്ട്.
കൂടാതെ, ഇന്നലെ പുറത്തുവന്ന ത്വരിതപരിശോധനാ റിപോര്‍ട്ടില്‍ എക്‌സൈസ് മന്ത്രിക്കു കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണം പിരിച്ചെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന രണ്ടു സാക്ഷിമൊഴികളുണ്ട്. എന്നാല്‍, ഇതു കണക്കിലെടുക്കാതെയാണ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിച്ചത്. ബാര്‍ ലൈസന്‍സ് ഫീ വര്‍ധിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങിയതോടെ ബാര്‍ ഉടമകള്‍ വലിയ തോതില്‍ പണപ്പിരിവ് നടത്തിയെന്നു വിജിലന്‍സിനു ലഭിച്ച മൊഴിയിലുണ്ട്.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തിലെ തീരുമാനപ്രകാരം തൃശൂരില്‍ നിന്നു മാത്രം 10 ലക്ഷം രൂപ പിരിച്ചെന്നു ജില്ലാ സെക്രട്ടറി സി ഡി ജോഷി മൊഴി നല്‍കിയിരുന്നു. 10,000 രൂപ വീതമാണ് ഓരോ ബാറുകളില്‍ നിന്നു പിരിച്ചത്. ഈ തുക അസോസിയേഷന്‍ നേതാക്കള്‍ക്കു കൈമാറിയതായും ജോഷിയുടെ മൊഴിയിലുണ്ട്. ലൈസന്‍സ് ഫീ വര്‍ധന തടയാന്‍ കുറച്ചു ചെലവുണ്ടെന്നു ബാര്‍ ഉടമകള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായി മറ്റൊരു സെക്രട്ടറി ഷൈനും വിജിലന്‍സിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ രണ്ടു മൊഴികളും വിജിലന്‍സ് അവഗണിക്കുകയായിരുന്നു. മാണിക്കെതിരായ കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ തന്നെ ബിജു രമേശ് കെ ബാബുവിനെതിരേ ആരോപണം ഉന്നയിച്ചിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it