Flash News

ബാബറി മസ്ജിദ് കേസ്: അദ്വാനിയടക്കമുള്ളവര്‍ ഇന്ന്‌ ഹാജരാകണമെന്ന് കോടതി

ബാബറി മസ്ജിദ് കേസ്: അദ്വാനിയടക്കമുള്ളവര്‍ ഇന്ന്‌ ഹാജരാകണമെന്ന് കോടതി
X


ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനി, ഉമാഭാരതി എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന്‌
കോടതിയില്‍ നേരിട്ട് ഹാജരാകണം. സി.ബി.ഐ പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്രനാഗര്‍ തുടങ്ങിയ ബി.ജെ.പി നേതാക്കളും കോടതിയില്‍ നേരിട്ട് ഹാജരാകണം. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണിത്. രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവില്‍ പറയുന്നു.
പ്രതികളായ 14 പേര്‍ക്കെതിരേ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കാന്‍ നേരത്തെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സി.ബി.ഐ.യും ഹാജി മെഹബൂബ് അഹമ്മദും നല്‍കിയ ഹര്‍ജിയിലായിരുന്നു ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. രാജസ്ഥാന്‍ ഗവര്‍ണറായതിനാല്‍ കല്യാണ്‍ സിങിന് വിചാരണയില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം സൃഷ്ടിക്കല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള അഭ്യൂഹ പ്രചാരണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ  ചുമത്തിയിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it