Kollam Local

ബാബരി: സമുദായം രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇമാംസ് കൗണ്‍സില്‍

കൊല്ലം: ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിം സമുദായം രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ. ബാബരി പുനര്‍നിര്‍മാണ് നീതി എന്ന മുദ്രാവാക്യമുയര്‍ത്തി ഇമാംസ് കൗണ്‍സില്‍ കണ്ണനല്ലൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊളിച്ചപ്പോള്‍ അത് പുനസ്ഥാപിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. പിന്നീട് വന്ന ഒരു സര്‍ക്കാരിനും ഇതിന് കഴിഞ്ഞിട്ടില്ല. രാജ്യം ഭരിച്ച വര്‍ഗ്ഗീയ ചിന്തകളുള്ള ഭരണാധികാരികള്‍ പ്രശ്‌നം പരിഹരിക്കാത്തതാണ് പള്ളി പൊളിക്കാന്‍ സംഘപരിവാരത്തിന് സഹായകമായത്. ബാബരി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നവര്‍ മിക്കവരും ഇന്ന് പിന്നാക്കം പോയിരിക്കുന്നു. എന്നാല്‍ ഇമാംസ് കൗണ്‍സിലിന് ഇതില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ല. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്നത് വരെ ഈ വിഷയം സംഘടന ഉന്നയിച്ച് കൊണ്ടിരിക്കും. പള്ളി വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ചിലര്‍ പറയുന്നത്. പള്ളി വിട്ടുകൊടുക്കാന്‍ ആര്‍ക്കും അവകാശമില്ല. പള്ളിയെന്നത് അല്ലാഹുവിന്റെ ഭവനങ്ങളാണ്. വഖഫ് ചെയ്ത് കഴിഞ്ഞാല്‍ പണിഞ്ഞയാള്‍ക്ക് പോലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. നൂറ്റാണ്ടുകളോളം ആരാധാന നടത്തിയിരുന്ന ബാബരി മസ്ജിദാണ് ഒറ്റ രാത്രി കൊണ്ട് വിഗ്രഹം കൊണ്ടുവച്ച് സംഘപരിവാരം തകര്‍ത്തെറിഞ്ഞത്. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്ര മോ രാമജന്‍മ ഭൂമിയോ അല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രഗല്‍ഭരായ ചരിത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടും ഭരണാധികാരികള്‍ ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് നടത്തുമെന്നതെന്നും അദ്ദേഹം പറഞ്ഞു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാലിഹ് മൗലവി, സംസ്ഥാന കമ്മിറ്റിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മൗലവി, കിളികൊല്ലൂര്‍ ജുംആ മസ്ജിദ് ഇമാം കുരീപ്പള്ളി ഷാജഹാന്‍ ഫൈ സി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് റാവുത്തര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, സംഭ്രമം മസ്ജിദ് ഇമാം മുസമ്മില്‍ മൗലവി, അബ്ദുല്‍ സലിം മൗലവി ഭരണിക്കാവ്, അയത്തില്‍ മസ്ജിദ് പ്രസിഡന്റ് ഹാജി അബ്ദുല്‍ അസീസ്, നുജുമുദ്ദീന്‍ മൗലവി , ദാറുല്‍ഖദാ ജില്ലാ സെക്രട്ടറി നൂറുല്‍ അമീന്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലിം റഷാദി മുട്ടയ്ക്കാവ് സംസാരിച്ചു.
Next Story

RELATED STORIES

Share it