Articles

ബാബരി: വഞ്ചനയുടെ കാല്‍നൂറ്റാണ്ട്

സി പി മുഹമ്മദ് ബഷീര്‍

ഇന്ത്യന്‍ മുസ്‌ലിംകള്‍ 463 വര്‍ഷം ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തകര്‍ത്തിട്ട് ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുശക്തമായ നീതിന്യായ വ്യവസ്ഥയും ഉദാരമായ ജനാധിപത്യ സങ്കല്‍പങ്ങളും ഉന്നതമായ ഭരണഘടനാ മൂല്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യന്‍ റിപബ്ലിക്കിന് മുന്നില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുടെ പ്രതീകമായി ബാബരി ധ്വംസനം അവശേഷിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വധത്തിനുശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരകൃത്യത്തെ നമ്മുടെ ഭരണകൂടങ്ങളും നീതിപീഠവും എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.
ബാബരി പള്ളി തകര്‍ക്കല്‍ യാദൃച്ഛികമായ ഒന്നായിരുന്നില്ല. മുസ്‌ലിം സമൂഹത്തെ അരികുവല്‍ക്കരിക്കാനുള്ള ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ സംഘടിത കുറ്റകൃത്യമായിരുന്നു അത്. ഭരണകൂടങ്ങള്‍ കണ്‍തുറന്നിരിക്കെ, രാജ്യത്തിന്റെ സൈനികശേഷി സര്‍വായുധസജ്ജമായി നിലയുറപ്പിച്ചിരിക്കെ, ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെ സാക്ഷിയാക്കിയാണ് 1992 ഡിസംബര്‍ 6ലെ കറുത്ത ഞായറാഴ്ച ഹിന്ദുത്വഭീകരര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഒന്നൊന്നായി തല്ലിത്തകര്‍ത്തത്. മുസ്‌ലിംകളുടെ ഒരു ആരാധനാലയം മാത്രമല്ല അന്നു തകര്‍ന്നുവീണത്. നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളും ജനാധിപത്യ, മതേതര സങ്കല്‍പങ്ങളും കൂടിയാണ് സംഘപരിവാരം തച്ചുടച്ചത്. ഈ ഭീകരകൃത്യത്തിനു നേതൃത്വം നല്‍കിയവരെ, നശീകരണപ്രക്രിയയില്‍ പങ്കാളികളായ തെമ്മാടിക്കൂട്ടത്തെ കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നത് ഒരു രാഷ്ട്രം എന്ന നിലയില്‍ വലിയൊരു പരാജയമാണ്. ഭരണകൂടങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നുവോ? നീതിപീഠങ്ങള്‍ നിസ്സഹായരായിത്തീരുകയാണോ? നിയമവാഴ്ച എന്നത് പരിഹാസ്യമായ പ്രയോഗമാവുകയാണോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിലുണ്ടായ ഗതിവിഗതികള്‍ ഇത്തരം ആശങ്കകളുടെ ആക്കംകൂട്ടുന്നതാണ്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശപ്രകാരം പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കാനുള്ള ചരിത്രപരമായ തീരുമാനത്തെ അട്ടിമറിക്കാന്‍ സംഘപരിവാരം നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മതേതരചേരിക്ക് കഴിയാതെപോയതിന്റെ ദുരന്തമാണ് ഇന്നു നാം അഭിമുഖീകരിക്കുന്നത്. ദലിത്, മുസ്‌ലിം, പിന്നാക്ക ഐക്യം ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്ക് ഏല്‍പിക്കുന്ന ആഘാതം തിരിച്ചറിഞ്ഞ സംഘപരിവാരം മണ്ഡലിനെതിരേ കമണ്ഡലുവുമായി രംഗത്തിറങ്ങുകയായിരുന്നു. അങ്ങനെ മണ്ഡല്‍ റിപോര്‍ട്ടിലൂടെ രാജ്യത്തു സാധ്യമാവുമായിരുന്ന പിന്നാക്ക ഐക്യമെന്ന വിപ്ലവകരമായ മുന്നേറ്റത്തെയാണ് രാമജന്മഭൂമി വിമോചനമെന്ന മുദ്രാവാക്യമുയര്‍ത്തി ഹിന്ദുത്വ ഫാഷിസം തടയിട്ടത്.
ബാബരി ധ്വംസനത്തിനുശേഷം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍, ചരിത്രസ്മാരകത്തിനു നേരെ അന്ന് ഉയര്‍ത്തിയ മാരകായുധങ്ങള്‍ ഹിന്ദുത്വര്‍ ഇനിയും താഴെ വച്ചിട്ടില്ലെന്നു കാണാന്‍ കഴിയും. മതേതര ഇന്ത്യയുടെ ഹൃദയം വെട്ടിമുറിച്ച് തീവ്രഹിന്ദുത്വം തേര്‍വാഴ്ച നടത്തുന്ന രാജ്യത്ത് അസഹിഷ്ണുത കൊടികുത്തിവാഴുകയാണ്. തങ്ങള്‍ക്കു ഹിതമല്ലാത്തത് പറയുന്നവരുടെയും പ്രവര്‍ത്തിക്കുന്നവരുടെയും തലകള്‍ക്ക് ലക്ഷങ്ങളും കോടികളും വിലയിടുന്ന നേതാക്കന്‍മാര്‍; ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ സാധാരണക്കാരായ മുസ്‌ലിംകളെയും ദലിതുകളെയും കൊന്നുതള്ളുന്ന അനുയായികള്‍; ജനാധിപത്യത്തെക്കുറിച്ചും സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന, ഹിന്ദുത്വ ഫാഷിസത്തെ അതിനിശിതമായി വിമര്‍ശിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങള്‍; ഗ്രീന്‍പീസ്, സബ്‌രംഗ്, സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ്, ഇന്‍സാഫ്, പീസ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ക്കെതിരേ നടക്കുന്ന വിഷംവമിപ്പിക്കുന്ന പ്രചാരണം- ഇവയെല്ലാം രാജ്യത്തെ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.
മതന്യൂനപക്ഷങ്ങള്‍ക്കും പുരോഗമന വിഭാഗങ്ങള്‍ക്കുമെതിരേ ആക്രമണത്തിനു പ്രേരിപ്പിച്ചുകൊണ്ടും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതച്ചുകൊണ്ടും തീവ്ര ഹിന്ദുത്വവാദികള്‍ രാജ്യത്തു സ്വതന്ത്രമായി വിഹരിക്കുമ്പോള്‍, കേന്ദ്രസര്‍ക്കാരും അവരുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ ഇത്തരം താല്‍പര്യങ്ങളുടെ സംരക്ഷകരാവുകയാണ്. ജനാധിപത്യ സങ്കല്‍പങ്ങളെ അപ്രസക്തമാക്കി, സവര്‍ണ മതാധികാരശക്തികള്‍ നിയന്ത്രിക്കുന്ന അദൃശ്യഭരണകൂടത്തിന്റെ വികാരങ്ങളും താല്‍പര്യങ്ങളുമാണ് രാജ്യത്തു നടപ്പായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി ഫാഷിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ ഒറ്റപ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍. ഭരണഘടന അനുവദിച്ചുനല്‍കുന്ന പൗരസ്വാതന്ത്ര്യങ്ങളെ പോലും ഹിന്ദുത്വം എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഡോ. ഹാദിയാ കേസില്‍ സംഘപരിവാരവും അനുബന്ധ പ്രസ്ഥാനങ്ങളും കാണിക്കുന്ന അതീവ താല്‍പര്യം. ഒരു യുവതിയുടെ വിശ്വാസസ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം അതിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.
തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക വൈവിധ്യവും കൈവിട്ടുപോവുന്ന മൂല്യങ്ങളും സംരക്ഷിക്കാന്‍ ചില തിരുത്തലുകളും തിരിച്ചുപോക്കുകളും അനിവാര്യമാണ്. രണ്ടരപ്പതിറ്റാണ്ടിനപ്പുറം തകര്‍ക്കപ്പെട്ട ബാബരി പള്ളിയുടെ തിരുമുറ്റത്തുനിന്നാവണം ആ തിരുത്തലിനു രാജ്യം തയ്യാറാവേണ്ടത്. പള്ളി യഥാസ്ഥാനത്തു പുനസ്ഥാപിക്കലാണ് അതിന്റെ ആദ്യപടി. പരമോന്നത കോടതിയിലൂടെ നീതി പുനസ്ഥാപിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എന്നാല്‍, സുപ്രിംകോടതിയുടെ നടപടികളെ പോലും തെറ്റായി സ്വാധീനിക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ ശ്രീ ശ്രീ രവിശങ്കറിനെ പോലുള്ള സംഘപരിവാര ഏജന്റുമാര്‍ നടത്തുന്ന മാധ്യസ്ഥ്യ നാടകങ്ങളും അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനവുമെല്ലാം ഇതിന്റെ ഭാഗമാണ്.
തെളിവുകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ബാബരി കേസില്‍ വിധി പുറത്തുവരേണ്ടത്. മാധ്യസ്ഥ്യശ്രമത്തിലൂടെ ഒത്തുതീര്‍പ്പിലെത്തുന്നതിനു പകരം, നിഷേധിക്കപ്പെട്ട നീതി നിയമവ്യവസ്ഥയിലൂടെ പുനസ്ഥാപിക്കപ്പെടുകയാണു വേണ്ടത്. സുപ്രിംകോടതി കേസ് പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ലെന്നും മുസ്‌ലിംകള്‍ അന്തിമവിധി വരെ കാത്തിരിക്കുമെന്നുമുള്ള അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടു തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന ഇക്കാര്യത്തിലുള്ള ആധികാരിക ശബ്ദം.
2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് ബാബരി കേസില്‍ വിധി പറയാന്‍ ഒരുങ്ങുന്ന ഘട്ടത്തിലും ഇത്തരം മാധ്യസ്ഥ്യനാടകങ്ങളുമായി സംഘപരിവാര ഏജന്റുമാര്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് രണ്ടു ഭാഗം ഹിന്ദുക്കള്‍ക്കും ഒരു ഭാഗം മുസ്‌ലികള്‍ക്കും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 1528 മുതല്‍ 1949 വരെ അവിടെ പള്ളി നിലനിന്നിരുന്നുവെന്ന വസ്തുത പരിഗണിക്കാതെയാണ് കോടതി വിചിത്രമായ വിധി പ്രഖ്യാപിച്ചത്. 1949ല്‍ അക്രമികള്‍ പള്ളിയില്‍ രാമവിഗ്രഹം ബലമായി സ്ഥാപിച്ചതാണെന്ന മൂന്നു ജഡ്ജിമാരുടെ കണ്ടെത്തലും പരിഗണിക്കപ്പെട്ടില്ല. കീഴ്‌ക്കോടതിയുടെ തെറ്റായ വിധിപ്രസ്താവം സുപ്രിംകോടതി ആത്യന്തികമായി തിരുത്തുമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം സമുദായം. പള്ളി പൊളിച്ചതിനു പിന്നിലെ സംഘപരിവാര പങ്കാളിത്തം ലിബര്‍ഹാന്‍ കമ്മീഷന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ രംഗത്തുകൊണ്ടുവന്നിട്ടുള്ളതാണ്. എന്നാല്‍ ഇതിന് ഉത്തരവാദികളായ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ യുപിഎ ഭരണകൂടം തയ്യാറായില്ല. ഇരകളുടെ ന്യായമായ അവകാശം പൂര്‍ണമായി അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. സംഘപരിവാര നേതാക്കള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസ് ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണു നീങ്ങുന്നത്.
ബാബരി പള്ളിയുടെ തകര്‍ച്ചയ്ക്കു പ്രധാന ഉത്തരവാദികള്‍ സംഘപരിവാരം തന്നെ. എന്നാല്‍, ഇവിടത്തെ മതേതരചേരിയില്‍ നിലകൊള്ളുന്നവര്‍ക്കും ഈ ഭീകരകൃത്യത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പള്ളിക്കു മേല്‍ അനാവശ്യ അവകാശവാദം ഉന്നയിച്ച് അത് ഒരു രാഷ്ട്രീയ വിഷയമാക്കി സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവന്ന വേളകളിലെല്ലാം കുറ്റകരമായ നിസ്സംഗത പുലര്‍ത്തിയവരാണ് ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതുപക്ഷവും. 1983 മുതല്‍ 1989 വരെ നടത്തിയ രഥയാത്രകള്‍, 1989ലെ ശിലാപൂജ, ശിലാന്യാസം, എല്‍ കെ അഡ്വാനി നടത്തിയ വര്‍ഗീയവിഷം ചീറ്റുന്ന രഥയാത്ര തുടങ്ങി, നൂറുകണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ യാതൊരു നീക്കവും രാജ്യത്തുണ്ടായില്ല. ഒടുവില്‍ ബാബരി പള്ളി പൊളിക്കപ്പെടുമ്പോഴും മൂകസാക്ഷികളായി നിലകൊള്ളാന്‍ മാത്രമേ മതേതരചേരികളെന്ന് അവകാശപ്പെടുന്നവര്‍ക്കു സാധിച്ചുള്ളൂ. പള്ളി പൊളിക്കപ്പെട്ടശേഷവും തുടര്‍ന്ന കുറ്റകരമായ നിശ്ശബ്ദത ഭേദിക്കാന്‍ ഇക്കൂട്ടര്‍ക്ക് കാല്‍നൂറ്റാണ്ട് വേണ്ടിവന്നു. ഇക്കുറി യുഡിഎഫ് മതേതര സംരക്ഷണ ദിനവും ഇടതുപക്ഷം കരിദിനവും ആചരിക്കുമ്പോള്‍, ഇക്കൂട്ടരുടെ മതേതര കാപട്യം കൂടിയാണ് പുറത്തേക്കുവരുന്നത്. കേവലമൊരു മുസ്‌ലിം പ്രശ്‌നമെന്നതിലുപരി പള്ളിയോടൊപ്പം തകര്‍ക്കപ്പെട്ട രാഷ്ട്രമൂല്യങ്ങളുടെ പുനസ്ഥാപനമെന്ന പരിഗണനയില്‍ റിപബ്ലിക്കിന്റെ ആവശ്യമെന്ന നിലയിലാണ് ബാബരി വിഷയത്തെ സമീപിക്കേണ്ടത്.
നിയമവാഴ്ചയെയും ഭരണഘടനയെയും വെല്ലുവിളിച്ച് തീവ്രഹിന്ദുത്വം മുമ്പോട്ടുപോവുമ്പോള്‍, ബാബരിയുടെ ഓര്‍മകള്‍ സജീവമായി നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. കാരണം, ഓര്‍മയാണ് ഫാഷിസത്തിനെതിരായ ആദ്യ പ്രതിരോധം.    ി

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)
Next Story

RELATED STORIES

Share it