ബാബരി മസ്ജിദ് പ്രശ്‌നം പരിഹരിക്കാന്‍ പുതിയ നിര്‍ദേശം

അയോധ്യ: ബാബരി മസ്ജിദ് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പുതിയ നിര്‍ദേശവുമായി അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി പലോക് ബസു. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ള ഏഴായിരം പ്രദേശവാസികളുടെ പിന്തുണയോടെയാണ് സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദഭൂമിയില്‍ രാമക്ഷേത്രവും പള്ളിയും നിര്‍മിക്കുകയാണ് പലോക് ബസുവും പ്രശ്‌ന പരിഹാരത്തിന് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം. എന്നാല്‍, പള്ളി ബാബരിന്റെ പേരിലുള്ളതായിരിക്കില്ല. അയോധ്യയിലെയും ഫൈസാബാദിലെയും ഏഴായിരത്തിലധികം പേര്‍ ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിവാദഭൂമി മൂന്നു ഭാഗങ്ങളാക്കി അലഹാബാദ് ഹൈക്കോടതി വിഭജിക്കുന്നതിന് ആറു മാസം മുമ്പ് 2010 മാര്‍ച്ച് 18നാണ് ഇദ്ദേഹം പ്രശ്‌നത്തില്‍ പ്രാദേശിക പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയത്.
അയോധ്യയിലെയും ഫൈസാബാദിലെയും ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് തുല്യ അനുപാതത്തില്‍ 10,000 പേരുടെ ഒപ്പുകള്‍ ശേഖരിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതേവരെ 7000 പേരുടെ ഒപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് പലോക് പറഞ്ഞു. 10,000 ഒപ്പുകള്‍ ശേഖരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ മുഖേന സുപ്രിംകോടതിയെ സമീപിക്കാനാണ് സംഘത്തിന്റെ നീക്കം.
സമാധാനത്തിനു വേണ്ടിയുളള പ്രദേശവാസികളുടെ അപേക്ഷ സ്വീകരിക്കാന്‍ സുപ്രിംകോടതിയോട് ആവശ്യപ്പെടും. ആദ്യവും അവസാനവുമായി സമാധാനമാണ് നമുക്കു വേണ്ടത്. കഴിഞ്ഞ 60-70 വര്‍ഷങ്ങളായി നിരവധി രക്തച്ചൊരിച്ചിലുകള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്. അതിനാല്‍, എല്ലാവരും ഒന്നിച്ച് സമാധാനത്തിനു വേണ്ടി നിലക്കൊള്ളണമെന്ന് സംഘത്തിലെ പ്രധാന അംഗമായ രഞ്ജിത്ത് ലാല്‍ വര്‍മ പറഞ്ഞു. സംഘത്തിലെ മറ്റൊരംഗവും പ്രാദേശിക നേതാവുമായ അഫ്‌സല്‍ അഹ്മദ് ഖാന്‍ പറഞ്ഞത്, 10,000 ഒപ്പുകള്‍ ലഭിച്ചശേഷം ഔദ്യോഗികമായി സുപ്രിംകോടതിയെ സമീപിക്കുമെന്നാണ്. സമാധാനത്തിനുള്ള പൊതുവികാരം സുപ്രിംകോടതി മാനിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രപ്രവര്‍ത്തകനായ മറ്റൊരംഗം മന്‍സാര്‍ മഹദിയും അദ്ദേഹത്തോടു യോജിച്ചു. അഞ്ചു വര്‍ഷത്തിലധികമായി മധ്യസ്ഥ ചര്‍ച്ചകളിലൂടെ രണ്ടു നഗരങ്ങളിലുമുള്ള ഹിന്ദുക്കളുമായും മുസ്‌ലിംകളുമായും നിരന്തരം സംഭാഷണം നടത്തിയാണ് സംഘം ഒത്തുതീര്‍പ്പു നിര്‍ദേശം തയ്യാറാക്കിയത്.
2010 സപ്തംബര്‍ 30നാണ് അലഹാബാദ് ഹൈക്കോടതിയുടെ പൂര്‍ണ ബെഞ്ച് വിവാദഭൂമി മൂന്നു ഭാഗമാക്കി ഉത്തരവു പുറപ്പെടുവിച്ചത്. മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു വിഭാഗത്തിലുള്ള പരാതിക്കാര്‍ക്കും ഒരു വിഭാഗം സുന്നി മുസ്‌ലിം വഖ്ഫ് ബോര്‍ഡിനും വീതിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. പിന്നീട് സുപ്രിംകോടതി ഈ ഉത്തരവു റദ്ദാക്കി.
Next Story

RELATED STORIES

Share it