Kottayam Local

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക: ഈരാറ്റുപേട്ടയില്‍ പ്രതിഷേധ റാലി നടത്തി

ഈരാറ്റുപേട്ട: ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് ധ്വംസന പ്രതിഷേധ റാലി നടത്തി.
പുത്തന്‍പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി വടക്കേക്കര ചേന്നാട് കവല സെന്‍ട്രല്‍ ജങ്ഷന്‍ വഴി നൈനാര്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു.
മേഖലാ പ്രസിഡന്റ് കെ എച്ച് ഇസ്മായില്‍ മൗലവി, സെക്രട്ടറി മുഹമ്മദ് നയാസ് ഖാന്‍ നജ്മി, വി പി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിംകുട്ടി മൗലവി, ഷിഹാബുദ്ദീന്‍ മൗലവി, വി പി അബ്ദുല്‍ഹമീദ് മൗലവി എന്നിവര്‍ പ്രതിഷേധ റാലിക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് വൈകീട്ട് അഹമ്മദ് കുരിക്കല്‍ നഗറില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനം കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുകയും മുസ്‌ലിംകള്‍ കടുത്ത അരക്ഷിതാവസ്ഥയിലാവുകയും ചെയ്തു.
സഹിഷ്ണുതയിലൂന്നിയ ജനാധിപത്യരാജ്യം എന്ന പ്രതിച്ഛായ കളങ്കപ്പെടുത്തി സ്വജനപക്ഷങ്ങള്‍ക്കെതിരേ വിഷലിപ്തമായ പ്രസ്താവനകള്‍ ആണ് ഓരോ ദിവസവും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് കെ എച്ച് ഇസ്മായില്‍ മൗലവി അധ്യക്ഷത വഹിച്ചു. വി പി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിംകുട്ടി മൗലവി, മഹല്ല് ഭാരവാഹികളായ അബ്ദുല്‍ഖാദര്‍ കണ്ടത്തില്‍, റാസി ചെറിയവല്ലം, അഡ്വ. മുഹമ്മദ് ഷെഫീഖ്, ഗഫൂര്‍ മൗലവി, ലജ്‌നത്തുല്‍ മുഅല്ലമീന്‍ മേഖലാ ഭാരവാഹികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it