Editorial

ബാബരി മസ്ജിദ് : നീതിയും നിയമവും പുലരണം



ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി അടക്കമുള്ള സംഘപരിവാര നേതാക്കള്‍ക്കെതിരേ ലഖ്‌നോ പ്രത്യേക സിബിഐ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുകയാണ്. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജി തള്ളിക്കളഞ്ഞാണ് ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി) പ്രകാരം കോടതി ഗൂഢാലോചനക്കുറ്റം ചാര്‍ത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ടാവുന്ന വേളയിലാണ് പള്ളി പൊളിക്കലിനു നേതൃത്വം കൊടുത്ത ഹിന്ദുത്വ നേതാക്കള്‍ നിയമ നടപടികള്‍ക്കു വിധേയരാവുന്നത്. അഡ്വാനി, ജോഷി, ഉമാഭാരതി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേസില്‍ ആദ്യമായി കോടതിയില്‍ ഹാജരാവുന്നതും ഇപ്പോഴാണ്. ഈ കാലവിളംബം നമ്മുടെ നിയമപാലന സംവിധാനത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വലിയൊരു ബലഹീനതയായിത്തന്നെ കാണേണ്ടതുണ്ട്. അതേസമയം, എത്ര ഉന്നതരായ നേതാക്കളായാലും അവര്‍ക്കു നിയമത്തിന്റെ പിടിയില്‍ നിന്നു കുതറിമാറാനാവില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇപ്പോഴെങ്കിലും സാധിച്ചതു സുപ്രിംകോടതിയുടെ സമയോചിതമായ ഇടപെടലിന്റെ ഫലമാണെന്നതും കാണാതിരുന്നുകൂടാ. 1949 ഡിസംബര്‍ 22ലെ അര്‍ധരാത്രിയില്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ചതോടെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം പുതിയ വഴിത്തിരിവിലേക്കു മാറുന്നത്. അതുവരെ കോടതി വ്യവഹാരങ്ങളില്‍ പരിമിതമായിരുന്നു തര്‍ക്കം. 1980കളുടെ ഒടുവിലാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നത്തെ സംഘര്‍ഷാന്തരീക്ഷത്തിലേക്കു വഴിതിരിച്ചുവിടുന്നത്. 1989ല്‍ തര്‍ക്കഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനെയും 1990ല്‍ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സംഘര്‍ഷഭരിതമായ രഥയാത്ര നടത്തിയതിനെയും തുടര്‍ന്നാണ് ബാബരി പ്രശ്‌നം ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്നത്. 1992ലെ പള്ളിതകര്‍ക്കലില്‍ എത്തിച്ചേര്‍ന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദികള്‍ ഹിന്ദുത്വ നേതാക്കള്‍ തന്നെയാണെന്നു വ്യക്തമായിരുന്നിട്ടും അവര്‍ക്കെതിരായ നിയമ നടപടികള്‍ ഇഴഞ്ഞുനീങ്ങി. പള്ളി തകര്‍ക്കുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങിന് ഒരു ദിവസത്തെ പ്രതീകാത്മക തടവു വിധിച്ച് നീതിപീഠങ്ങള്‍ നിദ്രതുടര്‍ന്നു. കര്‍സേവകരെ കുഴപ്പമുണ്ടാക്കാന്‍ പ്രേരിപ്പിക്കുംവിധം പ്രസംഗിച്ചതിന് 1993ല്‍ ഇവര്‍ക്കെതിരേ കേസെടുത്തെങ്കിലും പിന്നീട് സിബിഐ കോടതി നടപടികള്‍ അവസാനിപ്പിച്ചു. 2010ല്‍ അലഹബാദ് ഹൈക്കോടതി സിബിഐ കോടതിവിധി ശരിവച്ചതോടെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. വീണ്ടും സിബിഐ ഇടപെടലിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയക്കുന്നതും ഇവരുടെ പേരിലുള്ള ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കപ്പെടുന്നതും. പ്രതികള്‍ വിചാരണ നേരിടണമെന്ന് അസന്ദിഗ്ധമായി സുപ്രിംകോടതി വിധിക്കുകയും ചെയ്തു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയെന്നതാണ് നീതിയുടെ തേട്ടം. അവരെത്ര ഉന്നതരായാലും ഈ കേസില്‍ നിയമവും നീതിയും അതിന്റെ വഴിയേ സഞ്ചരിക്കുകയാണെങ്കില്‍ ശക്തിപ്പെടുന്നത് നമ്മുടെ ഭരണഘടന തന്നെയായിരിക്കും.
Next Story

RELATED STORIES

Share it