ബാബരി മസ്ജിദ് ധ്വംസനം, റാവുവിന്റെ മൗനാനുവാദത്തോടെ: കുല്‍ദീപ് നയ്യാര്‍

തിരുവനന്തപുരം: നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷികത്തില്‍ പ്രമുഖ മലയാള ചാനലിനു നല്‍കിയ അഭിമുഖത്തിലാണു മസ്ജിദ് ധ്വംസനത്തില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പങ്ക് നയ്യാര്‍ വെളിപ്പെടുത്തിയത്. ബാബരി മസ്ജിദ് സംഘര്‍ഷം നടക്കുന്ന വേളയില്‍ നരസിംഹ റാവു തനിക്കു രണ്ടു വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ല എന്നതായിരുന്നു ഒന്ന്. താല്‍ക്കാലികമായി നിര്‍മിച്ച രാമക്ഷേത്രം നീക്കുമെന്നതായിരുന്നു മറ്റൊന്ന്. എന്നാല്‍ രണ്ടു വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.ബാബരി മസ്ജിദ് ഒരു മന്ദിരം മാത്രമായിരിക്കാം. പ്രാര്‍ഥന നടന്നിരുന്നുവെങ്കിലും ഇല്ലെങ്കിലും. പക്ഷേ, അതു തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകമാണ് ഇല്ലാതാക്കപ്പെട്ടത്. അതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഇന്ത്യയുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. അതുവരെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ഇഴചേര്‍ന്നു കിടന്ന ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ അതോടെ അരക്ഷിതാവസ്ഥ ഉയര്‍ന്നുവന്നു. ഇന്ത്യയുടെ മുഖ്യധാരയില്‍ നിന്ന്, രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ നിന്ന്, അധികാര വ്യവസ്ഥയില്‍ നിന്നു മുസ്‌ലിംകള്‍ പിന്തള്ളപ്പെട്ടു. ഹിന്ദുത്വം അധികാര രാഷ്ട്രീയത്തിന്റെ ശക്തമായ സമവാക്യമായി മാറി. അയോധ്യാ പ്രക്ഷോഭം കലുഷിതമായപ്പോള്‍ താനുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകരുടെ സംഘം അന്നു പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ കണ്ട് ആശങ്കകള്‍ അറിയിച്ചു.  'ഇന്ത്യ ഭരണഘടനയ്ക്ക് അനുസരിച്ച് മുന്നോട്ടു പോവും. നിയമവ്യവസ്ഥയുള്ള രാജ്യമാണ്. വെള്ളരിക്കാപ്പട്ടണമല്ല.' ഇതായിരുന്നു റാവുവിന്റെ മറുപടി. ബാബരി മസ്ജിദ് തകരാന്‍ ഒരിക്കലും അനുവദിക്കില്ലെന്നു റാവു ഉറപ്പുനല്‍കി. സംഭവിച്ചതു മറ്റൊന്നായിരുന്നുവെന്നതു ചരിത്രം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം റാവുവിനെ കാണാന്‍ പോയി. 'താന്‍ നിസ്സഹായനായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'പതിനായിരക്കണക്കിനു കര്‍സേവകര്‍ ഇരച്ചുവന്നപ്പോ ള്‍ ഒന്നും ചെയ്യാനായില്ല. കേന്ദ്രസേനയ്ക്കു ഫലപ്രദമായി ഇടപെടാന്‍ സാധിച്ചില്ല.' റാവു തല താഴ്ത്തി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തു താല്‍ക്കാലിക ക്ഷേത്രം ഉയര്‍ന്നുവന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കുല്‍ദീപ് ആ ബഹളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ഇടയിലാണു ക്ഷേത്രം ഉയര്‍ന്നുവന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നു റാവു പറഞ്ഞു. താല്‍ക്കാലിക ക്ഷേത്രം ഉടന്‍ നീക്കുമെന്നു നിങ്ങള്‍ക്ക് ഉറപ്പുതരുന്നതായും പറഞ്ഞു. പക്ഷേ, 25 വര്‍ഷത്തിനിപ്പുറം ഒന്നും സംഭവിച്ചില്ല. നയ്യാര്‍ പറഞ്ഞു. 1992 ഡിസംബര്‍ 6ന് ഉച്ചയ്ക്ക് 12.20നു ബാബരി മസ്ജിദിന്റെ പുറംമതില്‍ കര്‍സേവകര്‍ തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ റാവു പൂജയിലായിരുന്നു. 4.45ന് അവസാനത്തെ മകുടം വീണ ശേഷം ആരോ അദ്ദേഹത്തിന്റെ കാതില്‍ ഇക്കാര്യം അറിയിച്ചു. നരസിംഹറാവു കണ്ണു തുറന്നു. പൂജ അവസാനിപ്പിച്ചു പുറത്തുവന്നു. കോ ണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും പള്ളിത്തര്‍ക്കത്തില്‍ നരസിംഹ റാവുവിന് ആര്‍എസ്എസിന്റെ അതേ നിലപാടായിരുന്നു. പള്ളിയോ, ക്ഷേത്രമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ആഗ്രഹം ക്ഷേത്രമെന്നായിരിക്കാം. ബാബരി മസ്ജിദ് പൊളിക്കപ്പെട്ട സ്ഥലം അതുപോലെ കിടക്കണമെന്നാണു തന്റെ ആഗ്രഹമെന്നു നയ്യാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it