Flash News

ബാബരി മസ്ജിദ് തകര്‍ത്ത കേസ്‌ : കോടതിയില്‍ നേരിട്ട് ഹാജരാവുന്നതിന് ബിജെപി നേതാക്കള്‍ക്ക് ഇളവു നല്‍കി



ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്ക് കോടതി ഇളവു നല്‍കി. കേസില്‍ ലഖ്‌നോയിലെ സിബിഐ കോടതിയില്‍ എല്ലാ ദിവസവും വിചാരണ നടക്കുന്ന പശ്ചാത്തലത്തിലാണിത്. അഡ്വാനിയുടെയും ജോഷിയുടെയും പ്രായം പരിഗണിച്ച് അവര്‍ക്ക് ഇളവു നല്‍കണമെന്നും മന്ത്രിയായതിനാല്‍ ഉമാഭാരതി—ക്ക് എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, ആവശ്യപ്പെട്ടാല്‍ ഇവര്‍ ഹാജരാവേണ്ടിവരുമെന്നും വ്യക്തമാക്കി. കേസില്‍ അഡ്വാനി, ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരേ കോടതി മെയ് 30ന് കുറ്റം ചുമത്തിയിരുന്നു. കോടതിയില്‍ ഹാജരായ മൂന്നുപേരും നല്‍കിയ വിടുതല്‍ ഹരജി തള്ളിയ ജഡ്ജി എസ് കെ യാദവ്, 50,000 രൂപയുടെ ഈടില്‍ ജാമ്യവും നല്‍കി. ഇവര്‍ക്കു പുറമെ സംഘപരിവാര സംഘടനാ നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സാധ്വി ഋതംബര, മഹന്ദ് നൃത്യഗോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേസില്‍ പ്രതിയാണെങ്കിലും സുപ്രധാന പദവിയിലിരിക്കുന്നത് പരിഗണിച്ച് വിചാരണാ നടപടികളില്‍ തല്‍ക്കാലം ഉള്‍പ്പെടുത്തിയിട്ടില്ല. അഡ്വാനി ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം എടുത്തുകളഞ്ഞ കീഴ്‌ക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിചാരണയ്ക്കു കളമൊരുങ്ങിയത്. രണ്ടുവര്‍ഷം കൊണ്ട് വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാനും വിചാരണ ഒരു പ്രവൃത്തിദിവസം പോലും മുടങ്ങാതെ നടത്താനുമാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 89കാരനായ അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും നിലവില്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നില്ലെങ്കിലും ഉമാഭാരതി ഇപ്പോള്‍ കേന്ദ്ര ജലവിഭവമന്ത്രിയാണ്. അഡ്വാനി ഉള്‍പ്പെടെ സംഘപരിവാര സംഘടനകളില്‍പ്പെട്ട 21 പേര്‍ക്കെതിരേയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നത്. ഇതില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ, ഗിരിരാജ് കിഷോര്‍ തുടങ്ങിയ പ്രതികള്‍ മരിച്ചുപോയതിനാല്‍ അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Next Story

RELATED STORIES

Share it