Flash News

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചന : ബിജെപി നേതാക്കള്‍ കോടതിയില്‍ ഹാജരാവണം



കെ  എ  സലിം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്ക് ഈ മാസം 30ന് ഹാജരാവാന്‍ ലഖ്‌നോ സിബിഐ കോടതിയുടെ സമന്‍സ്.  കേസിലെ മറ്റൊരു പ്രതിയായ ശിവസേനാ നേതാവ് സതീഷ് പ്രധാന്‍ കേസ് പരിഗണിക്കുന്ന ജഡ്ജി മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് മറ്റു പ്രതികള്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. പ്രതികള്‍ കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് ഒരു ഇളവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഡ്വാനി ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം എടുത്തുകളഞ്ഞ കീഴ്‌ക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വീണ്ടും കുറ്റം ചുമത്തുന്നതിന്റെ ഭാഗമായാണ് പ്രതികളോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുന്നത്. രണ്ടു വര്‍ഷം കൊണ്ട് വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാനും വിചാരണ ഒരു പ്രവൃത്തിദിവസം പോലും മുടങ്ങാതെ നടത്താനുമാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 89കാരനായ അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും നിലവില്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നില്ലെങ്കിലും ഉമാഭാരതി ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയും അക്കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് രാജസ്ഥാന്‍ ഗവര്‍ണറുമാണ്. അഡ്വാനി ഉള്‍പ്പെടെ സംഘപരിവാര സംഘടനകളില്‍പ്പെട്ട 21 പേര്‍ക്കെതിരേയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നത്. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വിനയ് കത്യാര്‍, സതീഷ് പ്രധാന്‍, സി ആര്‍ ബെന്‍സല്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, സാധ്വി ഋതംബര, വി എച്ച് ഡാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ആര്‍ വി വേദാന്തി, പരമഹംസ രാംചന്ദ്രദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നിത്യ ഗോപാല്‍ദാസ്, ധരംദാസ്, സതീഷ് നാഗര്‍, മൊറേശ്വര്‍ സാവെ എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ താക്കറെ, കിഷോര്‍ തുടങ്ങിയ പ്രതികള്‍ മരിച്ചുപോയതിനാല്‍ അവരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ (ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമേല്‍പിക്കല്‍), 505 (തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തിന്റെ സമാധാനജീവിതത്തിന് തടസ്സമുണ്ടാക്കുക), 120 ബി (കുറ്റകരമായ ഗൂഢാലോചന) എന്നീ കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
Next Story

RELATED STORIES

Share it