Flash News

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ ഇന്നു പശ്ചാത്തപിക്കുന്നു

അയോധ്യ: ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ 25 വര്‍ഷത്തിനു ശേഷം പശ്ചാത്തപിക്കുന്നു. 'ദ വയറിന്' നല്‍കിയ അഭിമുഖത്തിലൂടെയാണു ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവക സംഘത്തിലുണ്ടായിരുന്ന സന്തോഷ് ദുബെ, പ്രവീണ്‍ ശര്‍മ, രാംജി ഗുപ്ത, വിജയ് തിവാരി എന്നിവര്‍ പശ്ചാത്താപം അറിയിച്ചത്. ബാബരി കേസില്‍ സിബിഐയുടെ കുറ്റപത്രത്തി ല്‍ ഉള്‍പ്പെട്ടവരാണു നാലു പേരും. യുവകര്‍സേവകനായിരുന്ന സന്തോഷ് ദുബെ പറയുന്നത് ഇങ്ങനെ: '500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അടിമത്തത്തിന്റെ പ്രതീകമായ പള്ളി നീക്കംചെയ്യണമെന്ന് എല്‍ കെ അഡ്വാനിയും എം എം ജോഷിയും ഉമാ ഭാരതിയും മറ്റു വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് നേതാക്കളും തങ്ങളോടു നിര്‍ദേശിക്കുകയായിരുന്നു. അവര്‍ പറഞ്ഞതു പ്രകാരമാണു ഞങ്ങള്‍ പള്ളി പൊളിച്ചത്.' സംഘപരിവാര നേതാക്കള്‍ എങ്ങനെയാണു പദ്ധതി തയ്യാറാക്കിയതെന്നും ദുബെ പറയുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതിനു തടസ്സംനില്‍ക്കുന്നതു മസ്ജിദാണെന്നും അതുകൊണ്ടു മസ്ജിദ് പൊളിക്കാന്‍ രാമന്റെ പേരില്‍ ജീവന്‍ ബലി നല്‍കാന്‍ തയ്യാറുള്ള 300 യുവാക്കളെ വേണമെന്നും 1992 ഡിസംബര്‍ മൂന്നിന് അഡ്വാനി തന്നോട് ആവശ്യപ്പെട്ടു. പള്ളി തകര്‍ക്കാന്‍ നിങ്ങള്‍ക്കാവശ്യമായ എല്ലാം കിട്ടുമെന്നും നമ്മുടെ സര്‍ക്കാരാണു സംസ്ഥാനത്തുള്ളതെന്നും അഡ്വാനി പറഞ്ഞു. പള്ളി തകര്‍ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ അവര്‍ ഞങ്ങള്‍ക്കു തന്നു. അഡ്വാനിയുടെ നിര്‍ദേശ പ്രകാരം അഞ്ചു മണിക്കൂറുകള്‍ കൊണ്ടു ഞങ്ങള്‍ പള്ളി പൊളിച്ചു. അതിന്റെ ഭാഗമായതില്‍ ഇപ്പോള്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്നു ദുബെ പറയുന്നു.  സിബിഐയുടെ കുറ്റപത്രത്തില്‍ ദുബെയ്ക്കു പുറമെ അഡ്വാനി, ജോഷി, ഭാരതി, സാധ്വി റിതംബര, അശോക് സിംഗാള്‍, വിനയ് കതിയാര്‍, കല്യാണ്‍ സിങ്, ബാല്‍താക്കറെ തുടങ്ങി ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ആള്‍ക്കൂട്ടത്തെ തെറ്റായ ദിശയിലേക്കു നയിച്ചെന്ന് അന്ന് 20 വയസ്സുണ്ടായിരുന്ന കര്‍സേവകന്‍ പ്രവീണ്‍ ശര്‍മ പറയുന്നു. പ്രതിരോധം മറികടന്ന് ഞങ്ങള്‍ പള്ളി തകര്‍ത്തു. എന്നാല്‍ ഇപ്പോള്‍ അതില്‍ കുറ്റബോധമുണ്ടെന്നും ശര്‍മ പറയുന്നു.പള്ളി പൊളിക്കല്‍ നടപ്പാക്കിയ ലക്ഷ്മണ്‍ സേനാ നേതാവായിരുന്ന രാംജി ഗുപ്ത പറയുന്നത് ഇങ്ങനെയാണ്: 'രാമജന്മഭൂമി വിഷയം കൈകാര്യം ചെയ്യുന്നതിന്റെ നേതാവ് താനായിരുന്നു. ബിജെപി നേതാക്കള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചു ചെറിയ സംഘങ്ങളായി തങ്ങള്‍ പള്ളി ആക്രമിച്ചു.' അന്നു 40 വയസ്സായിരുന്നു ഗുപ്തയ്ക്ക്. യുവാക്കളായിരുന്ന തങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ലെന്നും പള്ളി തകര്‍ക്കുകയായിരുന്നെന്നും അന്നു 18 വയസ്സുണ്ടായിരുന്ന വിജയ് തിവാരി കുറ്റസമ്മതം നടത്തുന്നു.
Next Story

RELATED STORIES

Share it