Fortnightly

ബാബരി മസ്ജിദ്:ഒരു പ്രഭാഷകന്റെ ഓര്‍മകള്‍

ബാബരി മസ്ജിദ്:ഒരു പ്രഭാഷകന്റെ ഓര്‍മകള്‍
X

ബാബരി മസ്ജിദ് പ്രശ്‌നം കേരളീയ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതില്‍ ചില പ്രഭാഷകര്‍ വലിയ പങ്കാണ് നിര്‍വ്വഹിച്ചത്. മുന്നൂറ്റമ്പതോളം സദസ്സുകളെ അഭിസംബോധന ചെയ്ത പിഎഎം ഹാരിസ് അവരില്‍ പ്രമുഖനാണ്. അദ്ദേഹം പ്രഭാഷണം നിര്‍വ്വഹിക്കാത്തതായി കേരളത്തില്‍പ്രധാനപ്പെട്ട ഒരു പട്ടണവുമുണ്ടാവുകയില്ല. ചിലേടങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണ് സംഘാടകര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചത്.ഏതാനും പ്രദേശങ്ങളില്‍ നിയമപാലകര്‍ തടസ്സം സൃഷ്ടിച്ചു.പലേടങ്ങളിലും ഭീഷണിയുണ്ടായി. ബാബരി പ്രശ്‌നംതെരുവിലേക്ക് കൊണ്ടുവരരുതെന്ന് ചിലര്‍ താക്കീതു ചെയ്തു. ഹാരിസ് തന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുകയാണ്.




1992 ല്‍ ഡിസംബര്‍ 6 ന് നാം ഒരിക്കലും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതും സംഭവിച്ചു. ന്യായയുക്തമായ കോടതി വിധിയുണ്ടാവുമെന്ന നമ്മുടെ ആഗ്രഹവും സഫലമായില്ല.

harisബാബരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ജനാധിപത്യ ശക്തികളുടെ ഭാഗത്തുനിന്നുണ്ടായ അലംബാവത്തെക്കുറിച്ച്, വീഴ്ചയെക്കുറിച്ച് വിചാരണ നടത്തേണ്ട ഒരു ഊഴമാണ് ഇത്. അത് നിര്‍വ്വഹിക്കപ്പെടുന്നില്ലെങ്കില്‍ മതേതര ജനാധിപത്യ പക്ഷം കൂടുതല്‍ ശൈഥില്യം അനുഭവിക്കുകയെന്നതായിരിക്കും ഫലം.ബാബരി മസ്ജിദ് പ്രക്ഷോഭത്തിന് അഖിലേന്ത്യാ തലത്തില്‍ ബാബരി മസ്ജിദ് മൂവ്‌മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വം നല്‍കി. പിന്നീട് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്ന ഒരു വേദികൂടി രൂപം കൊണ്ടു. ഇവയോട് യോജിച്ചും തനിച്ചും ബാബരി പ്രശ്‌നം സംബന്ധമായി ഇന്ത്യന്‍ സമൂഹത്തിന് വ്യക്തമായ ധാരണ നല്‍കിയതും പൊതു പരിപാടികളിലൂടെ ചര്‍ച്ചാ വിഷയമാക്കി മാറ്റിയതും ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനം സിമിയായിരുന്നു. കേരളത്തിലും ഈ രംഗത്ത് സജീവമായ പരിപാടികളുമായി മുന്നോട്ടുപോയത് സിമിയാണ്.

മാധ്യമവും പ്രബോധനവും വിവേകവും ബാബരിയുടെ യഥാര്‍ത്ഥ വസ്തുതകള്‍ വിശദമായി അവതരിപ്പിച്ചുവെങ്കിലും കൂടുതല്‍ പേരിലേക്ക് അത് എത്തിക്കാനായില്ല. ചന്ദ്രികയിലും ശബാബിലും ഈടുറ്റ ചില ലേഖനങ്ങള്‍ വന്നു. സമസ്ത ഇകെ വിഭാഗവും എസ്‌കെഎസ്എസ്എഫും രംഗത്തുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഐഓയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് കേന്ദ്രമായി സൂപ്പി മുസ്ല്യാരുടെ സാരഥ്യത്തില്‍ ബാബരി മസ്ജിദ് സംരക്ഷണ സമിതി രൂപീകരണത്തോടെ മഹല്ലുകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ പരിപാടികള്‍ നടന്നു. ബാബരി മസ്ജിദ് പ്രശ്‌നം ജനശ്രദ്ധയാകര്‍ഷിച്ചത് 1984 ലാണ്. രാമജന്മഭൂമിയുടെ പൂട്ട് തുറക്കുക എന്ന മുറവിളിയുമായി ഹിന്ദുത്വ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് 1986 ഫെബ്രുവരി 1ന് പൂട്ട് തുറന്ന് പൂജയും ദര്‍ശനവും അനുവദിക്കാനുള്ള കോടതി വിധി വന്നു. 1986 ല്‍  ന്യൂദല്‍ഹിയില്‍ സിമിയുടെ കേന്ദ്ര ശൂറയും പിന്നീട് കേന്ദ്ര പ്രതിനിധി സഭയും ബാബരി പ്രശ്‌നം ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് കേരളത്തിലെ സിമി ആസ്ഥാനമായ മലപ്പുറം സോളിഡാരിറ്റി ഹൗസില്‍ നടന്ന സംസ്ഥാന കൂടിയാലോചനാ യോഗത്തില്‍ ബാബരി മസ്ജിദ് പ്രശ്‌നത്തെക്കുറിച്ച് കേരളീയ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സജീവമായി ചര്‍ച്ച നടന്നു.പത്രവാര്‍ത്തകള്‍ വെട്ടിയെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അതിനായി അട്ടിവെച്ച പത്രങ്ങളായിരുന്നു മുറിയില്‍ നിറയെ. രാവിലെ കൂടിയാലോചനാ യോഗത്തിന് പുറപ്പെടുന്നതിനുള്ള ഒരുക്കത്തിനിടെ ശക്തമായ കാറ്റില്‍ പത്രങ്ങള്‍ ചിതറിവീണു. വീണ്ടും ഒതുക്കി വെക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയില്‍ ആദ്യം വന്നത് 1986 മാര്‍ച്ച് 30 ലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ഉള്‍പേജ്. എസ് കെ ത്രിപാഠി ബാബരി മസ്ജിദ് പ്രശ്‌നത്തെക്കുറിച്ച് എഴുതിയ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് ലിറ്റിഗേഷന്‍’എന്ന ലേഖനം ആ താളിലുണ്ടായിരുന്നു. sooppi


ബാബരി മസ്ജിദ് പ്രശ്‌നത്തെക്കുറിച്ച വിശദമായ ചര്‍ച്ചക്ക് ഈ ലേഖനം വളരെ ഉപകരിച്ചു.യോഗതീരുമാനപ്രകാരം നാടെങ്ങും ബാബരി മസ്ജിദ് വിശദീകരണ പരിപാടികള്‍ക്ക് തുടക്കമായി. ന്യൂദല്‍ഹിയില്‍ പ്രസിദ്ധീകരിച്ച ഒരു കൃതി അവലംബമാക്കി ടി വി ഹമീദ് വാണിമേല്‍ എഴുതിയ ‘ബാബരി മസ്ജിദോ രാമജന്മഭൂമിയോ എന്ന ലഘുലേഖ കോഴിക്കോട് മീഡിയാ വാച്ച് പ്രസിദ്ധീകരിച്ചിരുന്നു. 1987 ല്‍ ഫൈസാബാദിലെത്തി ബാബരി മസ്ജിദ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അതിന് ശേഷം ബാബരി മസ്ജിദോ രാമജന്മഭൂമിയോ എന്ന പേരില്‍ വിശദവിവരങ്ങളുമായി പുസ്തകം രചിച്ചു. മീഡിയാ വാച്ച് ലഘുലേഖയിലെ ആദ്യ ഭാഗം ഈ കൃതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നു.ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ നീതി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം 1987 ജനവരി 26ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍നിന്നും മുസ്‌ലിംകള്‍ വിട്ടുനില്‍ക്കണമെന്ന് ബാബരി മസ്ജിദ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം നിര്‍ദേശിച്ചിരുന്നു.

ഇത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി. ഈ വിവാദത്തോടെയാണ് കേരള മുസ്‌ലിം സമൂഹത്തില്‍ ബാബരി മസ്ജിദ് പ്രശ്‌നം വ്യാപകമായി ചര്‍ച്ചാവിഷയമാകുന്നത്. ബാബരി മസ്ജിദ് സംരക്ഷണ സമിതി 1991 ല്‍ കോഴിക്കോട്ട് വിപുലമായ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പ്രഗത്ഭ പ്രാസംഗികനായിരുന്ന അബ്ദുല്‍ നാസര്‍ മഅദനിയെ മുഖ്യ പ്രഭാഷകനായി ക്ഷണിക്കാന്‍ നിശ്ചയിച്ചു. കൂടെ അല്‍പ്പസമയം എനിക്കും സംസാരിക്കാന്‍ അവസരം. ആലുവയില്‍ മഅദനി സാഹിബിനെ കണ്ടു. അദ്ദേഹം ഐഎസ്എസിന്റെ സംഘാടനവുമായി നടക്കുന്ന കാലമായിരുന്നു അത്. വിവേകം വാരിക വായിക്കാറുണ്ടെന്നും, എന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് പ്രശ്‌നം ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തനിക്ക് ധാരണ പകര്‍ന്നതില്‍ അവയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.bari blurb


കോഴിക്കോട് പ്രഭാഷണത്തിന് അദ്ദേഹം വരാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ എന്തോ കാരണങ്ങളാല്‍ പരിപാടിയില്‍ മഅദനി സാഹിബ് എത്തിയില്ല. മുഖ്യ പ്രഭാഷണം അദ്ദേഹം നിര്‍വഹിക്കുമെന്ന ധാരണയില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് അന്ന് ഞാന്‍ സംസാരിച്ചത്. നല്ല ഒരു സദസിനോട് നീതി പുലര്‍ത്താനായില്ല എന്ന കുറ്റബോധം ഇപ്പോഴും ഞാന്‍ കൊണ്ടുനടക്കുന്നു. കാസര്‍ഗോഡ് ബസ്സ്റ്റാന്റ് മുതല്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് വരെയുള്ള സ്ഥലങ്ങളിലായി ഏതാണ്ട് മുന്നൂറ്റി അമ്പതോളം ചെറുതും വലുതുമായ വേദികളില്‍ ബാബരി മസ്ജിദിനെക്കുറിച്ച് പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചു. ഗാന്ധി പാര്‍ക്കിലും എറണാകുളത്തും നടന്ന പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ജഡ്ജിമാരും അഭിഭാഷകരും പോലീസ് മേധാവികളുമടക്കം നിരവധി പ്രമുഖര്‍ എത്തിയിരുന്നു. പലരും പരിപാടികള്‍ക്ക് ശേഷം നേരില്‍ കണ്ട് വിശദാംശങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കോടതി വിധികളുടെ പകര്‍പ്പുകളും രേഖകളും അവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തി. വസ്തുതകള്‍ ബോധ്യമായെന്ന് അവര്‍ സമ്മതിച്ചു. അവരുടെ അംഗീകാരം ഏറെ സന്തോഷം പകര്‍ന്ന അനുഭവമായിരുന്നു. ബാബരി മസ്ജിദ് കേവലം ഒരു പള്ളിയുടെ പ്രശ്‌നമോ, മുസ്‌ലിം പ്രശ്‌നമോ അല്ല. വളരെ വിപുലമായ അര്‍ത്ഥതലങ്ങള്‍ ബാബരിക്കെതിരായ പ്രക്ഷോഭത്തിനുണ്ട്. ഇക്കാര്യം ഊന്നിപ്പറഞ്ഞ്, വിവിധ മതവിശ്വാസികളുടെയും മതേതരവാദികളുടെയും ഏകീകരണത്തിനു വേണ്ടിയാണ് പ്രസംഗങ്ങളിലൂടെ പ്രധാനമായും ശ്രമിച്ചത്.

ഒരിടത്തുപോലും ഹൈന്ദവ വിശ്വാസികളെയോ ശ്രീരാമ ഭക്തരെയോ വേദനിപ്പിക്കുന്ന വിധം സംസാരിച്ചില്ല. ബാബരി മസ്്ജിദ് സംബന്ധമായി നടത്തിയ ഒരു പ്രസംഗവും മതവികാരം വ്രണപ്പെടുത്തിയെന്ന ഒരു ആക്ഷേപംപോലും കേള്‍ക്കേണ്ടി വന്നില്ല. ഒരു വര്‍ഗീയ പ്രശ്‌നം, വിവാദ വിഷയം എന്നീ നിലകളില്‍ ബാബരി പ്രശ്‌നത്തെ കണ്ട പോലിസ് ഉദ്യോഗസ്ഥന്മാര്‍ ബാബരി യോഗങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അലംഭാവം കാണിച്ചതായി സംഘാടകര്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം - പൂവാര്‍ പ്രദേശത്ത് വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. വിവാദപരമായ ഒരു പ്രശ്‌നം സമചിത്തതയോടെയും പക്വതയോടെയും അവതരിപ്പിച്ചതില്‍ തങ്ങള്‍ക്കുള്ള സന്തോഷം സംഘാടകരെ അറിയിച്ച ശേഷമാണ് അവര്‍ മടങ്ങിപ്പോയത്. ഈ വിവരമറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം ആഹ്ലാദിക്കുകയുണ്ടായി.

babriതാനൂരില്‍ ഒരു സിമ്പോസിയത്തില്‍ യുക്തിവാദി സംഘടനയുടെയും ആര്‍എസ്എസിന്റെയും പ്രതിനിധികള്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് അവിടെ എത്തിയത്. വിഷയം അവതരിപ്പിച്ചു. യുക്തിവാദി സംസാരിച്ചു. പക്ഷേ, സംഘപരിവാര്‍ പ്രതിനിധി വേദിയിലെത്തിയില്ല. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും സമാനമായ ഒരനുഭവം ഉണ്ടായതായി ഓര്‍ക്കുന്നു.മലപ്പുറം ജില്ലയിലെ കാവനൂരില്‍ വിപുലമായ ഒരു ബാബരി സമ്മേളനം നടന്നു. പ്രദേശത്തെ കോണ്‍ഗ്രസും ലീഗും ചില പ്രശ്‌നങ്ങളുണ്ടാക്കി. പ്രമുഖ ലീഗ് നേതാവാണ് എന്നെ ക്ഷണിക്കാന്‍ നിര്‍ദേശിച്ചതെന്ന് പിന്നീട് അറിഞ്ഞു. സാധാരണയായി സമീപ പ്രദേശങ്ങളിലെ ബാബരി പരിപാടികള്‍ക്ക് പോകുമ്പോള്‍ വാഹനത്തില്‍ നാലോ അഞ്ചോ സുഹൃത്തുക്കള്‍ കൂടെ ഉണ്ടാവാറുണ്ട്.

കാവനൂരില്‍ നിന്നും മടങ്ങുമ്പോള്‍ രാത്രി വൈകി. ഞങ്ങളുടെ പുറകെ രണ്ട് വാഹനങ്ങള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ജീപ്പ് നിര്‍ത്തി ഇറങ്ങി. ഞങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സംഘാടകര്‍ ഞങ്ങള്‍ അറിയാതെ പിന്തുടരുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.സ്വദേശമായ നിലമ്പൂരിലും പരിസരങ്ങളിലുമായി നിരവധി ബാബരി മസ്ജിദ് പരിപാടികള്‍ നടന്നു. 1991 ഒക്ടോബര്‍ 20 ന് മഹല്ലില്‍ വിവിധ മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിപുലമായ റാലിയും പ്രഭാഷണങ്ങളും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു. അടുത്ത ദിവസമാണ് അനിവാര്യമായ സാഹചര്യത്തില്‍ ജോലിക്ക് വേണ്ടി സൗദിയിലേക്ക് പുറപ്പെടേണ്ടി വന്നത്. പ്രവാസജീവിതത്തിനിടക്കാണ് ആഗ്രഹിക്കാത്ത തീരെ പ്രതീക്ഷിക്കാത്ത 1992 ഡിസംബറിലെ ദുരന്തമുണ്ടായത്.
Next Story

RELATED STORIES

Share it