'ബാബരി തകര്‍ക്കുമ്പാള്‍ റാവു അസ്വസ്ഥനായി'

കെ എ സലിം

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത വാര്‍ത്തയറിഞ്ഞ് പ്രധാനമന്ത്രി നരസിംഹറാവു വല്ലാതെ അസ്വസ്ഥനായെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍. വിനയ് സിതാപതി എഴുതിയ ഹാഫ് ലയണ്‍: ഹൗ നരസിംഹറാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകത്തിലാണ് ഹൃദ്‌രോഗിയായിരുന്ന റാവുവിന്റെ ഡോക്ടര്‍ കെ സിദ്ധാര്‍ഥ് റെഡ്ഡി വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ബാബരി തകര്‍ച്ചയില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്ന ആളാണ് റാവു. ബാബരിക്കൊപ്പം പലരും തന്നെയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന് റാവു പറഞ്ഞതായും പുസ്തകത്തിലുണ്ട്.
1992 ഡിസംബര്‍ ആറിന് കാലത്ത് ഏഴുമണിക്കാണ് റാവു ഉണര്‍ന്നത്. അന്നത്തെ പത്രം വായിക്കുന്നതിനിടെ ടൈംസ് ഓഫ് ഇന്ത്യയില്‍ അയോധ്യയില്‍ 2.25 ലക്ഷം വിശ്വിഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതായും ബാബരി മസ്ജിദിനടുത്ത് അവര്‍ ചില ചടങ്ങുകള്‍ നടത്താന്‍ പോവുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
അന്ന് ട്രെഡ്മില്ലില്‍ 30 മിനിറ്റ് നടന്ന ശേഷമാണ് എയിംസിലെ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ സിദ്ധാര്‍ഥ് റെഡ്ഡിയെത്തുന്നത്. അന്ന് ഞായറാഴ്ചയായതിനാല്‍ താന്‍ അന്ന് മൊത്തം റാവുവിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചതായി റെഡ്ഡി പറയുന്നു. ഉച്ചയായതോടെ ടെലിവിഷന്‍ ഓണ്‍ ചെയ്തു. 12.20ന് ടെലിവിഷനില്‍ ബാബരി മസ്ജിദിന്റെ ആദ്യമിനാരം തകര്‍ക്കുന്നത് ലൈവായി കാണിച്ചുതുടങ്ങി. 1.55 ആയപ്പോഴേക്കും അത് പൂര്‍ണമായും തകര്‍ത്തു. രണ്ടു വര്‍ഷം മുമ്പ് റാവുവിന് ബൈപാസ് സര്‍ജറി കഴിഞ്ഞതേയുള്ളു. റെഡ്ഡി ഉടന്‍ പ്രധാനമന്ത്രിയുടെ മുറിയിലേക്കോടി. അവിടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ടെലിവിഷനിലേക്കു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും. മൂന്നാമത്തെ താഴികക്കുടവും വീഴുകയായിരുന്നു അപ്പോള്‍.
നീയെന്തിന് ഇപ്പോള്‍ ഇങ്ങോട്ടു വന്നുവെന്ന് ദേഷ്യത്തോടെ റാവു റെഡ്ഡിയോടു ചോദിച്ചു. പരിശോധിക്കണമെന്ന് റെഡ്ഡി റാവുവിനെ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ഉയര്‍ന്നിരുന്നു. പള്‍സ് വേഗത്തിലാണ്. രക്തസമ്മര്‍ദ്ദം കൂടി. മുഖം ചുവന്നു. റാവു അസ്വസ്ഥനായിരുന്നു. ഉടന്‍ ഡോക്ടര്‍ ഉയര്‍ന്ന ഡോസ് ബീറ്റാ ബ്ലോക്കര്‍ നല്‍കിയെന്ന് പുസ്തകം പറയുന്നു. റാവു ശാന്തനായെന്ന് ഉറപ്പായശേഷമാണ് ഡോക്ടര്‍ മുറി വിട്ടത്. ബാബരി തകര്‍ക്കുന്നതു കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം സത്യസന്ധമായിരുന്നുവെന്ന് ഡോക്ടര്‍ റെഡ്ഡി പറയുന്നു.
അസ്വാസ്ഥ്യം അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല. ശരീരം കള്ളം പറയില്ല. അന്നേദിവസം മുഴുവന്‍ സമയവും താന്‍ റാവുവിനൊപ്പമുണ്ടായിരുന്നുവെന്ന് മറ്റൊരു സുഹൃത്ത് പറയുന്നു. 12 മണിവരെ റാവു ശാന്തനായിരുന്നു. എന്നാല്‍, പള്ളി തകര്‍ക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. ഒന്നും സംസാരിച്ചില്ല. പിന്നീട് അന്നുമുഴുവന്‍ അധികമൊന്നും സംസാരിക്കുകയുണ്ടായില്ല. ഡിസംബര്‍ 5ന് റാവു കണ്ടവരിലൊരാള്‍ അദ്ദേഹത്തിന്റെ ജ്യോതിഷി എന്‍ കെ ശര്‍മയായിരുന്നു. പള്ളി തകര്‍ക്കപ്പെടുമെന്ന് താന്‍ അദ്ദേഹത്തോടു പറഞ്ഞതായി ശര്‍മ അവകാശപ്പെടുന്നു. റാവുവിനെതിരേ അര്‍ജുന്‍ സിങ് നടത്തുന്ന ചില കളികളും പറഞ്ഞു. എന്നാല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനെ വിശ്വസിക്കുകയായിരുന്നു റാവു ചെയ്തത്. പള്ളി തകര്‍ക്കപ്പെട്ട അന്ന് പകല്‍ രണ്ടുമണിവരെ റാവു തന്റെ മുറിയില്‍ കഴിച്ചു കൂട്ടി. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചെങ്കിലും ആരുടെയും കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ല. അര്‍ജുന്‍ സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയെങ്കിലും റാവു പുറത്തിറങ്ങിവന്നില്ല. മുറി അകത്തുനിന്നു പൂട്ടിയിരുന്നു. ഇതിനിടെ റാവു ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. 12 മുതല്‍ 2 മണി വരെ റാവു എന്തായിരുന്നു ചെയ്തതെന്ന് ദുരൂഹമാണെന്നും പുസ്തകം പറയുന്നു.
Next Story

RELATED STORIES

Share it