Flash News

ബാബരി കേസ്: കോടതി സംഘപരിവാരത്തിന്റെ കെണിയില്‍ വീഴരുതെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി സംഘപരിവാരത്തിന്റെ കെണിയില്‍ വീഴരുതെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍. എന്നാല്‍, അന്തിമവാദം കേള്‍ക്കുന്നത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാക്കണമെന്ന കേന്ദ്ര സുന്നി വഖ്ഫ് ബോര്‍ഡിന്റെയും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും ആവശ്യം സുപ്രിംകോടതി തള്ളി.
വിഷയത്തെ സംഘപരിവാരം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ കേസിന്റെ അന്തിമവാദം കേള്‍ക്കുന്നത് 2019 ജൂലൈക്ക് ശേഷമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ അടുത്ത ഫെബ്രുവരി എട്ടിന് അന്തിമവാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
കേസ് രാഷ്ട്രീയമായി വന്‍ അനന്തരഫലങ്ങള്‍ നിറഞ്ഞതാണെന്നും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാനായി മാത്രം കേസില്‍ കക്ഷിയല്ലാത്ത ഒരാള്‍ (ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പേര് പരാമര്‍ശിക്കാതെ) നല്‍കിയ ഹരജി പരിഗണിച്ച് കേസില്‍ വാദംകേള്‍ക്കല്‍ വേഗത്തിലാക്കേണ്ടതില്ലെന്നുമാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്.
ഇതൊരു കെണിയാണ്. ഇതില്‍ കോടതി വീഴാന്‍ പാടില്ല. രാജ്യത്തിന്റെ മതേതരത്വത്തെയും രാഷ്ട്രീയഘടനയെയും ബാധിക്കുന്ന കേസാണിതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
ചുരുങ്ങിയ സമയംകൊണ്ട് 19,000 പേജുകള്‍ അടങ്ങുന്ന രേഖകള്‍ പരിശോധിക്കുന്നതിന്റെ സാധ്യതയെയും സിബല്‍ കോടതിയില്‍ ചോദ്യം ചെയ്തു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായി സമര്‍പ്പിച്ച 13 ഹരജികളിലാണ് സുപ്രിംകോടതി വാദം കേള്‍ക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it