Breaking News

ബാബരി കേസ് കേവലം ഭൂമി തര്‍ക്കമല്ല: കാന്തപുരം

ബാബരി കേസ് കേവലം ഭൂമി തര്‍ക്കമല്ല: കാന്തപുരം
X
മാട്ടൂല്‍(കണ്ണൂര്‍): ബാബരി കേസ് കേവലം ഭൂമി തര്‍ക്കമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പതിറ്റാണ്ടുകളോളം ബാബരി മസ്ജിദില്‍ മുസ്‌ലിംകള്‍ ആരാധനകള്‍ നിര്‍വഹിച്ചിരുന്നു.



രാഷ്ട്ര മൂല്യങ്ങളെ വെല്ലുവിളിച്ച് ഒരുസംഘം ആളുകള്‍ അത് തകര്‍ത്തുകളഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ അത് കേവലം ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കം മാത്രമായി പരിഗണിക്കുന്നത് രാഷ്ട്രത്തിന്റെ ചരിത്രത്തോടും പാരമ്പര്യത്തോടും നടത്തുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഹാമിദ് കോയമ്മ തങ്ങള്‍, ടി വി രാജേഷ് എംഎല്‍എ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, എസ് എസ് എ ഖാദര്‍ ഹാജി, ഡോ. ശാഹുല്‍ ഹമീദ്, കെ അബ്ദുര്‍റശീദ് നരിക്കോട്, മുഹമ്മദ് ഷാഫി വള്ളക്കടവ് സംബന്ധിച്ചു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഇബ്രാഹിം ബാഖവി മേല്‍മുറി, എന്‍ എം സാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ല്യാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. രാജ്യത്തെ വിവിധ പ്രഫഷനല്‍ കോളജുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 4000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൊഫ് സമ്മിറ്റ് ഇന്ന് ഉച്ചയ്ക്ക് സമാപിക്കും.
Next Story

RELATED STORIES

Share it