Flash News

ബാബരി കേസ്് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച തര്‍ക്കം വിശാല ഭരണഘടനാ ബെഞ്ചിനു വിടണമോ എന്ന കേസ് സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. മസ്ജിദുകള്‍ ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നുള്ള 1994ലെ സുപ്രിംകോടതി ഉത്തരവ് വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹരജികളാണ് വിധി പറയാന്‍ മാറ്റിയത്.
ഭൂമി മൂന്നായി ഭാഗിച്ച് തര്‍ക്കം പരിഹരിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്ന ശേഷമാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട 1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലാണ് പള്ളികള്‍ ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന കോടതി വിധി പുറത്തുവന്നത്. ചൊവ്വാഴ്ചയ്ക്കു മുമ്പായി ഈ വിഷയത്തില്‍ കക്ഷികളുടെ പ്രതികരണം രേഖാമൂലം അറിയിക്കണമെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
മതഗ്രന്ഥങ്ങളും രേഖകളും പരിശോധിക്കാതെയാണ് പള്ളികള്‍ ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചതെന്ന് ഹരജിക്കാരിലൊരാളായ എം സിദ്ദീഖിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. 1991ല്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാന്‍ ആണെന്ന രാജീവ് ധവാന്റെ മുന്‍ പരാമര്‍ശത്തെച്ചൊല്ലി ഇന്നലെ കോടതിയില്‍ വാഗ്വാദം നടന്നു. ഹിന്ദുസമൂഹത്തിനു മൊത്തം എതിരായ പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ധവാനെ എതിര്‍ത്ത അഭിഭാഷകര്‍ അഭിപ്രായപ്പെട്ടത്.
ബാബരി മസ്ജിദ് തകര്‍ത്തത് ഭീകരപ്രവര്‍ത്തനമായിരുന്നെന്നും തന്റെ വാക്കുകള്‍ തിരിച്ചെടുക്കില്ലെന്നും ധവാന്‍ പ്രതികരിച്ചു. ഹിന്ദു താലിബാന്‍ എന്ന വാക്ക് ഉപയോഗിച്ചത് ഉചിതമായില്ലെന്നും ഔചിത്യബോധം പാലിക്കേണ്ടതായിരുന്നെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
കേസ് വിശാല ബെഞ്ചിനു വിടണമെന്ന ഹരജിയെ ഹിന്ദു സംഘടനകള്‍ നേരത്തേ എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it