kasaragod local

ബാബരിദിനം: ജില്ലയില്‍ കനത്ത സുരക്ഷ

കാസര്‍കോട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം ദുരന്തവാര്‍ഷികത്തില്‍ വിവിധ രാഷ്ട്രീയ-മത സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തേ തുടര്‍ന്ന് ജില്ലയിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.
മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന ഭരണകൂടങ്ങളുടെ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് മതേതര സംരക്ഷണത്തിനായാണ് എല്‍ഡിഎഫ്, യുഡിഎഫ്, മുസ്‌ലം ലീഗ്, എസ്ഡിപിഐ, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി, പെര്‍ള ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരേ കല്ലേറുണ്ടാവുന്ന സ്ഥലങ്ങളില്‍ പോലിസിന്റെ സാന്നിധ്യമുണ്ട്. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, ആരിക്കാടി, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചെളിയങ്കോട്, മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍, കറന്തക്കാട്, അണങ്കൂര്‍, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് റോന്ത് ചുറ്റുന്നുണ്ട്.
പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വര്‍ഗീയ പ്രചാരണങ്ങളും പോസ്റ്റുകളും ഇടുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it