World

'ബാന്‍ഡേജ് ആയിരുന്നു എന്റെ മകളുടെ വെടിക്കോപ്പ്'

ഗാസ: സയണിസ്റ്റുകളോട് പോരാടാന്‍ എന്റെ മകള്‍ ഉപയോഗിച്ച ആയുധം ഇതായിരുന്നു.ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജ്ജാറിന്റെ മാതാവ് സബ്രീന്‍ ഒരു കൈയില്‍ മകളുടെ ചോരപുരണ്ട വെളുത്ത യൂനിഫോമും മറുകൈയില്‍ ബാന്‍ഡേജ് റോളുകളും ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.”ഇതായിരുന്നു എന്റെ മകളുടെ വെടിക്കോപ്പ്’. അവളുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല. അവളെ നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ഈ കൊലപാതകം യുഎന്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന ഫലസ്തീനികളെ ശുശ്രൂഷിക്കാന്‍ ഓടിയെത്താറുള്ള പാരാമെഡിക്കല്‍ വോളന്റിയറായിരുന്നു റസാന്‍ നജ്ജാര്‍. ആയിരക്കണക്കിന് പേരാണ് റസാന്റെ ഖബറടക്കം നടക്കുന്ന പളളിയിലെത്തിയത്.
ഖാന്‍ യൂനിസ് പ്രതിഷേധ ക്യാംപിലെ ആദ്യത്തെ നഴ്‌സുമാരില്‍ ഒരാളായിരുന്നു റസാന്‍. ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ബാന്‍ഡേജ് കെട്ടിക്കൊടുക്കുമ്പോഴാണ് റസാന് വെടിയേറ്റത്. വേലിക്ക് അപ്പുറത്തു നിന്നും ഇസ്രായേല്‍ സൈനികന്‍ തൊടുത്തുവിട്ട മൂന്ന് വെടിയുണ്ടകള്‍ റസാന്റെ ദേഹത്ത് തുളച്ചുകയറിയതായി ദൃക്‌സാക്ഷി പറഞ്ഞു.
ഖുസ്സയിലെ അഷ്‌റഫ് നജ്ജാറിന്റെ ആറ് കുട്ടികളില്‍ മൂത്തയാളാണ് റസാന്‍. പിതാവിന്റെ ജോലി പോയതോടെയാണ് റസാന്‍ നാസര്‍ ആശുപത്രിയില്‍ മെഡിക്കല്‍ വോളന്റിയറാവാന്‍ പരിശീലനം ആരംഭിച്ചത്. നമുക്കൊരു ലക്ഷ്യമുണ്ട്. പരിക്കേറ്റവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുക. നമ്മുടെ രാജ്യത്തിനു വേണ്ടിയാണിത് നാമിത് ചെയ്യുന്നത്. ആയുധമില്ലാതെ എന്തും ചെയ്യാന്‍ കഴിയുമെന്ന് ലോകത്തിന് സന്ദേശം നല്‍കണം’, റസാന്‍ എന്നും ഈ വാചകം പറയുമായിരുന്നെന്ന് അഷ്‌റഫ് ഓര്‍ത്തെടുത്തു. മാര്‍ച്ചില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന 119ാമത്തെയാളാണ് റസാന്‍.
Next Story

RELATED STORIES

Share it