Flash News

ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത് മന്ത്രിമാര്‍



അഹ്മദാബാദ്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത് മന്ത്രിമാര്‍ പങ്കെടുത്തത് വിവാദത്തില്‍. ഗുജറാത്തിലെ ബൊട്ടാദ് ജില്ലയില്‍ ശനിയാഴ്ച നടന്ന ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത് വിദ്യാഭ്യാസ റവന്യൂമന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മാറാം പെര്‍മാറുമാണ് പങ്കെടുത്തത്. മന്ത്രവാദികളെ അനുമോദിക്കുകയും ഇവര്‍ പരസ്യമായി ബാധയൊഴിപ്പിക്കുകയും ചെയ്ത ചടങ്ങിലായിരുന്നു മന്ത്രിമാര്‍ പങ്കെടുത്തത്. ശനിയാഴ്ച നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സ്‌റ്റേജില്‍ ഇരുന്ന മന്ത്രിമാര്‍ ചടങ്ങ് കാണുന്നത് വീഡിയോയില്‍ വ്യക്തമാണ്്. ഗദ്ധാഡ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തില്‍ ബിജെപിയുടെ പ്രാദേശിക യൂനിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. നൂറോളം മന്ത്രവാദികള്‍ സ്‌റ്റേജിലെത്തി മന്ത്രിമാര്‍ക്ക് ഹസ്തദാനം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചടങ്ങിനിടെ ചില മന്ത്രവാദികള്‍ പാട്ടിനൊപ്പം സ്വന്തം ശരീരത്തില്‍ ചങ്ങലകൊണ്ട് അടിക്കുന്നത് മന്ത്രിമാര്‍ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. സംഗതി വിവാദമായതോടെ ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്ന വിശദീകരണവുമായി ഭൂപേന്ദ്ര സിങ് രംഗത്തെത്തി.
Next Story

RELATED STORIES

Share it