ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയില്‍: വി ഡി സതീശന്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വായ്പാ തിരിച്ചടവിന്റെ 72 ശതമാനം വരെ അടുത്ത സര്‍ക്കാരിന്റെ തലയിലാവുമെന്നു വി ഡി സതീശന്‍ എംഎല്‍എ. 50,000 കോടിയുടെ പദ്ധതികളാണ് കിഫ്ബിവഴി നടപ്പാക്കുകയെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അതില്‍ ഒരുലക്ഷം കോടി തിരിച്ചടയ്‌ക്കേണ്ടിവരും. വായ്പകള്‍ക്ക് മൂന്നുവര്‍ഷത്തെ മൊറട്ടോറിയമുണ്ട്. അതായത്, ഈ സര്‍ക്കാരിന്റെ അവസാനകാലത്ത് തിരിച്ചടവ് ആരംഭിച്ചാല്‍ മതി. 72 ശതമാനം വരെ അടച്ചുതീര്‍ക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കുകയാണ് ഐസക് ചെയ്തതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഇന്ധന സെസില്‍ നിന്നുള്ള വരുമാനം വായ്പാ തിരിച്ചടവ് സമയമാവുമ്പോള്‍ 1000 കോടിയില്‍ നിന്ന് ഒരുലക്ഷം കോടിയായി വളരുമെന്ന ധനമന്ത്രിയുടെ കണക്ക് മനസ്സിലാവുന്നില്ല. കിഫ്ബിയില്‍ അനുമതി ലഭിച്ച പദ്ധതികളുടെ മാസ്റ്റര്‍ പ്ലാനുകളുടെ പരിശോധനപോലും നല്ലരീതിയില്‍ നടക്കുന്നില്ല. പാലങ്ങളുടെ രൂപകല്‍പ്പന തയ്യാറാക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ഡ്രിക്കില്‍ നിരവധി പ്രൊജക്റ്റുകള്‍ കെട്ടിക്കിടക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷമെങ്കിലും എടുക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്. കൗശലപൂര്‍വം വസ്തുതകളെ മറച്ചുവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബജറ്റില്‍ രണ്ടിടത്ത് മന്ത്രി പറയുന്നതില്‍ വൈരുധ്യമുണ്ട്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സൂചന മുന്‍ ബജറ്റില്‍ തന്നെ നല്‍കിയിരുന്നുവെന്നാണ് ഒരുഭാഗത്ത് പറയുന്നത്. എന്നാല്‍, ട്രഷറി പബ്ലിക് അക്കൗണ്ടില്‍ 13,000 കോടി രൂപ കിടന്നത് വായ്പയായി പരിഗണിച്ച് കേരളത്തിന്റെ കടമെടുക്കാനുള്ള അവകാശം കേന്ദ്രം നഷ്ടമാക്കിയതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നു വേറൊരു ഭാഗത്ത് പറയുന്നു. ഇക്കാര്യം അദ്ദേഹം മുന്‍കൂട്ടി കണ്ടത് എങ്ങനെയെന്ന് അറിയില്ല. ശിവദാസമേനോന്റെ ഭരണകാലത്തിനു ശേഷം ഇപ്പോഴാണ് ട്രഷറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചത്.
Next Story

RELATED STORIES

Share it