wayanad local

ബാണാസുര ഡാം റിസര്‍വോയറിന് സമീപം ഭൂമി കൈയേറ്റം വ്യാപകം; അധികൃതര്‍ക്ക് അനക്കമില്ല

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം റിസര്‍വോയറിനോടനുബന്ധിച്ച് ടൂറിസം സാധ്യതകള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ സ്ഥലം കൈയേറ്റവും വ്യാപകമാവുന്നു. ജലവൈദ്യുത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിന് ശേഷം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുള്‍പ്പെടെ കൈവശമുണ്ടായിരുന്ന ഭൂമി ഉപേക്ഷിച്ചുപോയ സാഹചര്യത്തില്‍ നിന്നാണ് കെഎസ്ഇബി ഏറ്റെടുത്ത ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
തരിയോട് പന്ത്രണ്ടാംമൈലില്‍ പഴയ വൈത്തിരി-തരുവണ റോഡില്‍ റിസര്‍വോയറിനോട് ചേര്‍ന്ന് സ്ഥലത്തിന്റെ ഉടമസ്ഥന്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണ പ്രവൃത്തികള്‍ നടത്തിവരികയാണ്. അന്യജില്ലക്കാരനായ സ്ഥലമുടമ റിസോര്‍ട്ട് നിര്‍മാണത്തിനായി റിസര്‍വോയറിനോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയുടെ അതിരുകളില്‍ മതില്‍ കെട്ടിയിട്ടുണ്ട്.
വില്ലേജ് ഓഫിസില്‍ നിന്നു ലഭിച്ച സ്‌കെച്ച് പ്രകാരമാണ് ഇതു ചെയ്തത്. എന്നാല്‍, തങ്ങളുടെ കൈവശമുള്ള സ്ഥലം കഴിഞ്ഞ് റിസര്‍വോയറില്‍ ഉള്‍പ്പെട്ടതും എല്ലാ വര്‍ഷവും വെള്ളം ഉയരുന്നതുമായ പഴയ തരിയോട് റോഡിലും നിര്‍മാണ പ്രവൃത്തികള്‍ നടത്തിവരികയാണ്. ഇവിടെയുള്ള അഞ്ചോളം മരങ്ങള്‍ക്കു ചുറ്റുമാണ് കരിങ്കല്‍ ഭിത്തി കെട്ടിവരുന്നത്.
ഇതിനായി യാതൊരു അനുമതിയും ഇയാള്‍ നേടിയിട്ടുമില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് വെള്ളത്തില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ബാബു എന്ന യുവാവും മരിച്ച സ്ഥലത്താണ് ഈ കൈയേറ്റം. റിസര്‍വോയറില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നതു തടയാനായി കമ്പിവേലികള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ മരങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മാണം നടത്തുന്നത്. വൈത്തിരി-തരുവണ റോഡില്‍ നിന്നു ഡാമിലേക്ക് കടക്കുന്ന കാപ്പുണ്ടിക്കലില്‍ നിന്നു നേരത്തെ കെഎസ്ഇബി കൈവശം വച്ചിരുന്ന റോഡിലും കഴിഞ്ഞ ദിവസങ്ങളില്‍ കൈയേറ്റം നടന്നിട്ടുണ്ട്. ഇവിടെയും ഇതര ജില്ലക്കാരാണ് ഹോട്ടല്‍ സമുച്ചയം കെട്ടിപ്പടുക്കുന്നത്. കെഎസ്ഇബി കൈവശമുള്ള ഭൂമിയില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെയാണ് മൂന്നു നില കെട്ടിടം പണിയുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായി നിരവധി കൈയേറ്റങ്ങളാണ് ഡാം റിസര്‍വോയറിനോട് ചേര്‍ന്ന് നടക്കുന്നത്.
1,277 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന റിസര്‍വോയറിന് ചുറ്റുമായി 900 കിലോമീറ്റര്‍ ദൂരമുണ്ടെന്നാണ് കണക്ക്. ഇത്രയും പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ആവശ്യമായ ജീവനക്കാരോ ഭൂമി സംരക്ഷിക്കാന്‍ സംവിധാനങ്ങളോ ഇല്ലാത്തതാണ് കൈയേറ്റം വ്യാപിക്കാന്‍ ഇടയാക്കുന്നത്.
Next Story

RELATED STORIES

Share it