kozhikode local

ബാങ്ക് ലയനം : 400ലേറെ ശാഖകള്‍ പൂട്ടും



കോഴിക്കോട്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളും ലയിപ്പിക്കുന്നതോടെ കേരളത്തില്‍ മാത്രം 400 ലേറെ ശാഖകള്‍ ഇല്ലാതാവുമെന്ന് സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ (കേരള സര്‍ക്കിള്‍) ആശങ്ക പ്രകടിപ്പിച്ചു. ലയനത്തിന്റെ ഭാഗമായി 30 ശതമാനം ശാഖകള്‍ അടച്ചു പൂട്ടാനാണ് അധികാരികളുടെ ആലോചന. 2017-18 വര്‍ഷം മുതല്‍ ലാഭം മാത്രം അടിസ്ഥാനമാക്കി ശാഖകള്‍ നിലനിര്‍ത്താനുള്ള തീരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. എസ്ബിഐക്കും അസോസിയേറ്റ് ബാങ്കുകള്‍ക്കുമായി 1400ഓളം ശാഖകളുണ്ട് കേരളത്തില്‍. കേരളത്തില്‍ ബാങ്കിങ് വ്യാപനത്തിലും സേവനലഭ്യതയിലും ഉണ്ടായി വന്ന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള നീക്കമാണിത്. സ്റ്റേറ്റ് ബാങ്ക് ലയനത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 22 ബാങ്കുകളെ ലയിപ്പിച്ച് ആറ് ബാങ്കുകള്‍ ആക്കുന്ന ഘട്ടം വരുമ്പോഴേക്കും ആയിരക്കണക്കിന് പൊതുമേഖലാ ശാഖകള്‍ സംസ്ഥാനത്ത് ഇല്ലാതാകും. നവസ്വകാര്യ ബാങ്കുകളും സ്വകാര്യ പേമെന്റ് ബാങ്കുകളും അതോടെ ഈ രംഗത്തേക്ക് കടന്നുവരും. ധനകാര്യ മേഖലയില്‍ സ്വകാര്യ കോര്‍പറേറ്റ്കുത്തകകള്‍ സൈ്വര്യവിഹാരം നടത്തുകയും ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വിലയിരുത്തി. വിശ്വാസ്യതയും ധാര്‍മ്മികതയും കൈവിട്ടുള്ള ബാങ്കിങ് ക്രമത്തില്‍ ഇന്ത്യന്‍ ബാങ്കിങ്ങിന്റെ ആത്യന്തിക തകര്‍ച്ചക്കും ലയനം ഇടയാക്കും. യുവതീയുവാക്കളുടെ തൊഴില്‍ അവസരങ്ങ ള്‍ പരിമിതപ്പെടും. കരാര്‍വല്‍ക്കരണം വ്യാപകമാകും. ഇക്കാര്യത്തില്‍ ജനപക്ഷ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി എ ജയകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it