kannur local

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം : അന്വേഷണം നിലച്ചു



തലശ്ശേരി: ഐഡിബിഐ ബാങ്ക് തലശ്ശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം പൂര്‍ത്തിയായിരിക്കെ പോലിസ് അന്വേഷണം നിലച്ചു.  പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വില്‍നയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലിസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണ പിള്ള നിര്‍ദേശിച്ച ടെസ്റ്റ് ഫയര്‍ പരീക്ഷണം പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വെടിയേറ്റ് തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയിരുന്നു. കാഞ്ചി വലിക്കാതെയാണ് വെടി ഉതിര്‍ത്തതെങ്കിലും തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിന്നെ എങ്ങനെ വെടി പൊട്ടിയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സാങ്കേതികവും നിയമപരവുമായ നിരവധി കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. എന്നാല്‍, ഈ ദിശയിലേക്ക് അന്വേഷണം ഉണ്ടായിട്ടില്ല. ഇതുകാരണം സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. 2016 ജൂണ്‍ രണ്ടിന് രാവിലെ 9.45ഓടെ ബാങ്കിനകത്തായിരുന്നു സംഭവം. പുന്നോല്‍ കൊമ്മല്‍ വയല്‍ പൂജ ഹൗസില്‍ സംഗീതിന്റെ ഭാര്യ വില്‍ന (31) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ അഞ്ചരക്കണ്ടി ഓടക്കാട് കിലാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ (51) പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ തോക്കില്‍ തിരനിറച്ച ശേഷം പരിശോധിക്കവെ അബദ്ധത്തില്‍ വെടി പൊട്ടിയാണ് അപകടം പിണഞ്ഞതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു കേസെടുത്തിരുന്നത്. ഹരീന്ദ്രന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മകളുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു. വില്‍നയുടെ മാതാവും ഭര്‍ത്താവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് അന്നത്തെ ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍ അറിയിച്ചിരുന്നു. സ്വകാര്യ ഏജന്‍സികള്‍ സായുധരായ സെക്യൂരിറ്റി ജീവനക്കാരെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ ന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നത്. വെടിപൊട്ടിയ ഡബിള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുകയും ചെയ്തു. തോക്ക് ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം ടെസ്റ്റ് ഫയര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല.
Next Story

RELATED STORIES

Share it