Idukki local

ബാങ്ക് കലക്ഷന്‍ ഏജന്റിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍

അടിമാലി: ബാങ്ക് കലക്ഷന്‍ ഏജന്റിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു റോഡില്‍ തള്ളിയ കേസില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാങ്കുളം മുനിപാറ സ്വദേശി വരിക്കയില്‍ സണ്ണി(45)യേയാണ് തട്ടിക്കൊണ്ടു പോയത്. മാങ്കുളം പഞ്ചായത്തിലെ യുഡിഎഫിന്റെ ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി സാബു ജോസഫിനെയാണ് മൂന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടേയാണ് സംഭവം. സണ്ണി മാങ്കുളത്തെ ജില്ലാ സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റും പത്ര ഏജന്റുമാണ്.തിരഞ്ഞെടുപ്പു ദിവസം യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് സണ്ണി പറഞ്ഞു. മര്‍ദ്ദിക്കുന്നതിനിടെ ഇടപാടുകാരില്‍ നിന്നും വാങ്ങിയ പണവും അക്രമികള്‍ കവര്‍ന്നതായി ഇയാള്‍ പറഞ്ഞു മര്‍ദ്ദിക്കുമെന്ന് അറിയിപ്പു നല്‍കിയ ശേഷം വാഹനത്തില്‍ എത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് രാത്രി വൈകി സണ്ണിയെ മാങ്കുളം-കല്ലാര്‍ റോഡരുകിലെ കുറ്റിക്കാട്ടില്‍ നിന്നും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അറസ്റ്റിലായ സാബുവിനൊപ്പം കാടന്‍ ജോബി, വീരപ്പന്‍ ബിനു എന്നിവരും സഹായത്തിനുണ്ടായിരുന്നു. മുന്നാറില്‍ നിന്നെത്തിയ പോലിസ് സംഘം പ്രതികളെ അറസ്റ്റു ചെയ്യ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം മാങ്കുളത്തേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it