wayanad local

ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; ജീവനക്കാരന്‍ റിമാന്‍ഡില്‍



മാനന്തവാടി: ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കാഷ്യറെ കോടതി റിമാന്‍ഡ് ചെയ്തു. മാനന്തവാടി പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലെ കാഷ്യര്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇ പി സഹീറിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. 51,21,667 രൂപ ഇയാള്‍ ബാങ്കില്‍ നിന്നു വെട്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച രാവിലെ ഹെഡ് ഓഫിസില്‍ പണമടയ്ക്കാന്‍ ബാങ്ക് മാനേജര്‍ സഹീറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയായിട്ടും പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മാനന്തവാടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സഹീര്‍ ഓരോ മാസവും ഒരു ലക്ഷം രൂപയും അതിലധികവുമാണ് തട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണിയാണ് കേസന്വേഷിക്കുന്നത്. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു സിഐ പറഞ്ഞു. സാധാരണഗതിയില്‍ എല്ലാ ദിവസവും ബാങ്കില്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ കഴിഞ്ഞതിന് ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തി ലോക്കറില്‍ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഈ സമയം കാഷ്യറും ബാങ്കിലെ ഉന്നതോദ്യോഗസ്ഥനും തിട്ടപ്പെടുത്തിയ സ്‌റ്റേറ്റ്‌മെന്റിന്റെ രേഖയും ഒപ്പിടണമെന്നതാണ് നിയമം. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരത്തിലുള്ള നടപടികളൊന്നും പാലിക്കാത്തതാണ് ലക്ഷങ്ങളുടെ വെട്ടിപ്പുകള്‍ നടത്താന്‍ ഇടയാക്കിയതെന്നു സൂചനയുണ്ട്.
Next Story

RELATED STORIES

Share it