wayanad local

ബാങ്കില്‍ പണയംവച്ച സ്വര്‍ണം ഉടമസ്ഥന്റെ അനുമതിയില്ലാതെ വിറ്റതായി പരാതി

മാനന്തവാടി: സ്വര്‍ണം പണയംവച്ചയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ പണയാഭരണങ്ങള്‍ വില്‍പന നടത്തിയതായി പരാതി. വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്കിനെതിരേയാണ് പരാതി. ബാങ്കില്‍ പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാനെത്തിയ കട്ടയാട് ഉപ്പുനട കോളനിയിലെ ബാബുവിന്റെ മുക്കാല്‍ പവന്‍ സ്വര്‍ണം വില്‍പന നടത്തിയതായി ബാങ്ക് അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് പണയംവച്ച സ്വര്‍ണം കലാവധി കഴിയുന്നതു സംബന്ധിച്ചോ ലേലം ചെയ്യുന്നതിനെക്കുറിച്ചോ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ലെന്നു ബാബു പറയുന്നു. ഇതു സംബന്ധിച്ച് ബാബു അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി പേരുടെ ആഭരണങ്ങള്‍ വില്‍പന നടത്തിയതായാണ് ആക്ഷേപം. പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് റഫീഖ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത്, റഫീഖ്, ബിനീഷ് നേതൃത്വം നല്‍കി. അതേസമയം, പണയം വച്ചവര്‍ക്ക് കൃത്യമായി നോട്ടീസയക്കുകയും പത്രപ്പരസ്യം ചെയ്ത ശേഷവുമാണ് പണയ മുതല്‍ വില്‍പന നടത്തിയതെന്നാണ് ബാങ്കിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it