ernakulam local

ബാങ്കിന്റെ നടപടിക്കെതിരേ കിടപ്പാട മാര്‍ച്ച് നാളെ



പറവൂര്‍: ഇടപ്പള്ളിയിലെ മാനാത്തുപാടം ഷാജിയുടെ കുടുംബത്തെ കുടിയിറക്കുന്നതിനുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നടപടിക്കെതിരേ നാളെ കിടപ്പാട മാര്‍ച്ച് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌നേഹിതന് ബിസിനസ് ആവശ്യത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ഷാജി ഈടു നല്‍കിയ വസ്തുവാണ് വായ്പാ കുടിശ്ശിക രണ്ടു കോടി മുപ്പതു ലക്ഷമായെന്നു പറഞ്ഞാണ് ബാങ്ക് 38 ലക്ഷം രൂപക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ലേലം ചെയ്തു നല്‍കിയത്. പത്തടിപ്പാലം കിംസ് ആശുപത്രിക്ക് സമീപമുള്ള പണയവസ്തുവിന് രണ്ടരക്കോടി രൂപ മാര്‍ക്കറ്റ് വിലവരും. ഇതാണ് ചുളുവിലക്ക് ബാങ്ക് വിറ്റിട്ടുള്ളത്. ഇതോടെ ഷാജിയുടെ കുടുംബം തെരുവിലെറിയപ്പെട്ടിരിക്കയാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. 90 ദിവസമായി ഷാജിയുടെ വീട്ടില്‍ ചിതയൊരുക്കി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കിടപ്പാട മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച്ച രാവിലെ 10 നു പാനായിക്കുളം ജങ്—ഷനില്‍ നിന്നും കൊട്ടുവഴങ്ങയിലേക്കു നടക്കുന്ന മാര്‍ച്ച് പുതുവൈപ്പ് ഐഒസി സമരനേതാവ് മാഗ്—ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്യും. വി ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചില്‍ മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി ബാങ്ക്— ജപ്തി വഞ്ചനക്കെതിരായ സമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി തുടങ്ങിയ സംഘടനകളും പങ്കെടുക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പി ജെ മാനുവല്‍, വി സി ജെന്നി, പി യു ആരിദ്, രെജുമോന്‍ കെ വി പങ്കെടുത്തു.
Next Story

RELATED STORIES

Share it