Editorial

ബാക്കിവയ്ക്കുന്നത് ജീര്‍ണത മാത്രം

ബാര്‍ കോഴക്കേസ് ഒടുവില്‍ കേരളത്തെ എത്തിച്ചിട്ടുള്ളത് ഒട്ടേറെ കോളിളക്കങ്ങളിലാണ്. വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും പൊതുസമൂഹത്തിന്റെ വികാരങ്ങളും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയും അതുളവാക്കിയ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാനാവാത്ത അവസ്ഥയില്‍ മന്ത്രി കെ എം മാണി എത്തിച്ചേരുകയും ചെയ്തതിന്റെ ഫലമായിട്ടാണ് അദ്ദേഹം രാജിവയ്ക്കുന്നത്. രാഷ്ട്രീയം ദുഷിച്ചുനാറിയിരിക്കുന്നു എന്നു ബോധ്യപ്പെടുത്തുന്നതാണ് ഇതേവരെ അരങ്ങേറിയ സംഭവങ്ങള്‍.
ബാര്‍ കോഴക്കേസില്‍ അകപ്പെട്ട കെ എം മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതിന് യുഡിഎഫ് വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയങ്ങള്‍ക്ക് വലിയൊരളവു വരെ കാരണം ബാര്‍ കോഴക്കേസായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വിജിലന്‍സ് കേസില്‍ ഹൈക്കോടതി വിധികൂടി വന്നതോടെ മാണിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോവാനാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് യുഡിഎഫിലെ ഘടകകക്ഷികള്‍ അദ്ദേഹത്ത കൈവിടാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്കുശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായ തകര്‍ച്ചയായിരിക്കും അതുമൂലമുണ്ടാവുക എന്നറിയാത്തവരല്ലല്ലോ യുഡിഎഫ് നേതാക്കള്‍. കേരള രാഷ്ട്രീയത്തില്‍ ബിജെപി കാലുറപ്പിച്ചുതുടങ്ങിയ അവസ്ഥയില്‍ വിശേഷിച്ചും.
പക്ഷേ, മാണി രാജിവച്ചതുകൊണ്ട് യുഡിഎഫിന്റെ ദുര്‍വിധി അവസാനിക്കുമെന്നു കരുതാമോ? അഴിമതിയാരോപണത്തിലകപ്പെട്ട ധനമന്ത്രിയെക്കൊണ്ടു രാജിവയ്പിക്കാന്‍ നിര്‍ബന്ധിതമായ മുന്നണി എന്ന പ്രതിച്ഛായയുമായി തിരഞ്ഞെടുപ്പ് നേരിടുകയും ഭരണത്തുടര്‍ച്ച കൈവരിക്കുകയും ചെയ്യുക അത്ര എളുപ്പമായിരിക്കുകയില്ല. എന്നുമാത്രമല്ല, ഭാവിയില്‍ കെ എം മാണി നടത്താനിരിക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍ യുഡിഎഫിനെ എപ്രകാരമായിരിക്കും ബാധിക്കുകയെന്നു പറയാനും വയ്യ. അഴിമതിയാരോപണം മാണിക്കെതിരേ മാത്രമാണെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കൈകളും ശുദ്ധമല്ലെന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പരക്കെ വിശ്വാസമുണ്ട്. മാണിയെ മാത്രം കുരുതികൊടുത്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുക അതിനാല്‍ അത്ര എളുപ്പമല്ല. എന്നുമാത്രമല്ല, കേരളാ കോണ്‍ഗ്രസ്സിന്റെ കെട്ടുറപ്പിനെ പുതിയ സംഭവവികാസങ്ങള്‍ വളരെയധികം ദോഷമായി ബാധിച്ചിട്ടുണ്ടുതാനും.
ഇടതുമുന്നണിക്ക് ബാര്‍ കോഴക്കേസ് വീണുകിട്ടിയ സൗഭാഗ്യം തന്നെ. പക്ഷേ, കെ എം മാണി യുഡിഎഫില്‍നിന്ന് അകന്നുനിന്നാല്‍ എന്തായിരിക്കും എല്‍ഡിഎഫിന്റെ സമീപനം? ആര്‍ ബാലകൃഷ്ണപ്പിള്ളയെയും പി സി ജോര്‍ജിനെയും പൂര്‍വപാരമ്പര്യങ്ങള്‍ അവഗണിച്ച് കൂടെയിരുത്തുന്ന മുന്നണിയാണത്. കെ എം മാണിയെ തന്നെ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയാക്കി ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് ആസന്നമാവുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയസമവാക്യങ്ങളെപ്പറ്റി ഒരു പ്രവചനം ഇപ്പോള്‍ അസാധ്യമാണ്. പക്ഷേ, ഒന്നു തീര്‍ച്ചയാണ്- അവയില്‍ അവസരവാദത്തിന്റെയും ജീര്‍ണതയുടെയും നിറവും മണവും മാത്രമേ ഉണ്ടാവുകയുള്ളു.
Next Story

RELATED STORIES

Share it